ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പാകിസ്ഥാന് രണ്ട് വിക്കറ്റിന്റെ ആവേശകരമായ ജയം. സൽമാൻ അഗ, മുഹമ്മദ് റിസ്വാൻ എന്നിവരുടെ അർധസെഞ്ചുറികളാണ് പാകിസ്ഥാന് തുണയായത്. 

ഫൈസലാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് രണ്ട് വിക്കറ്റ് ജയം. ഫൈസലാബാദ്, ഇഖ്ബാല്‍ സ്റ്റേഡിയത്തില്‍ 264 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സല്‍മാന്‍ അഗ (62), മുഹമ്മദ് റിസ്വാന്‍ (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ഫഖര്‍ സമാന്‍ (45), സെയിം അയൂബ് (39) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക് 49.1 ഓവറില്‍ 263ന് എല്ലാവരും പുറത്താവുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 63 റണ്‍സ് നേടി ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് 57 റണ്‍സെടുത്തു. മാത്യൂ ബ്രീട്‌സ്‌കെ (42), കോര്‍ബിന്‍ ബോഷ് (41) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റന്തിയ പാകിസ്ഥാന് മികച്ച തുടക്കമായിരുന്നു. ഒന്നാം വിക്കറ്റില്‍ സമാന്‍ - അയൂബ് സഖ്യം 87 റണ്‍സ് ചേര്‍ത്തു. അയൂബാണ് ആദ്യ മടങ്ങിയത്. ഡോണോവന്‍ ഫെരൈറയ്ക്കായിരുന്നു വിക്കറ്റ്. വൈകാതെ സമാനും മടങ്ങി. മൂന്നാമതെത്തിയ ബാബര്‍ അസമിനും (7) തിളങ്ങാനായില്ല. ഇതോടെ മൂന്നിന് 105 എന്ന നിലയിലായി പാകിസ്ഥാന്‍. പിന്നീട് റിസ്വാന്‍ - അഗ സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പാക് വിജയത്തില്‍ നിര്‍ണായകമായത്. റിസ്വാന്‍ മടങ്ങിയെങ്കിലും അഗ ഇന്നിംഗ്‌സ് പാകിസ്ഥാന് തുണയായി. 48-ാം ഓവറിലാണ് അഗ മടങ്ങുന്നത്. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഹുസൈന്‍ താലാത് (22), ഹസന്‍ നവാസ് (1) എന്നിവര്‍ പിന്നാലെ മടങ്ങി. അവസാന ഓവറില്‍ മുഹമ്മദ് നവാസ് (9) പുറത്തായെങ്കിലും ഷഹീന്‍ അഫ്രീദി (4), നസീം ഷാ (0) എന്നിവര്‍ പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ത്തിന് മുന്നിലെത്തി.

നേരത്തെ മികച്ച തുടക്കമാണ് പ്രിട്ടോറ്യൂസ് - ഡി കോക്ക് സഖ്യം നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 98 റണ്‍സ് ചേര്‍ത്തു. 16-ാം ഓവറില്‍ മാത്രമാണ് പാകിസ്ഥാന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. പ്രിട്ടോറ്യൂസിനെ സെയിം അയൂബ് മടക്കി. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ഡി കോക്കും പവലിയനില്‍ തിരിച്ചെത്തി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. നസീം ഷായുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് വന്നവരില്‍ ബ്രീട്‌സ്‌കെ, ബോഷ് എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്.

സിനെതെംബ ക്വെഷിലെ (22), ടോണി ഡി സോര്‍സി (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഡോണോവന്‍ ഫെറൈറ (3), ജോര്‍ജ് ലിന്‍ഡെ (2), ബോണ്‍ ഫുര്‍ട്വിന്‍ (0), ലിസാര്‍ഡ് വില്യംസ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലുംഗി എന്‍ഗിഡി (0) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

പാകിസ്ഥാന്‍: സെയിം അയൂബ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അഗ, ഹുസൈന്‍ തലാത്, ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി (പാകിസ്ഥാന്‍), നസീം ഷാ, അബ്രാര്‍ അഹമ്മദ്.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ടോണി ഡി സോര്‍സി, മാത്യു ബ്രീറ്റ്സ്‌കെ (ക്യാപ്റ്റന്‍), സിനെതെംബ ക്വെഷിലെ, ഡോനോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, കോര്‍ബിന്‍ ബോഷ്, ജോര്‍ണ്‍ ഫോര്‍ച്യൂയിന്‍, ലുങ്കി എന്‍ഗിഡി, ലിസാദ് വില്യംസ്.

YouTube video player