ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് നേടിയതിന് പിന്നാലെ ജമീമ റോഡ്രിഗസ്, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയ താരങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വന്‍ വര്‍ധനവുണ്ടായി.
മുംബൈ: ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് നേടിയതിന് പിന്നാലെ താരങ്ങളുടെ താരമൂല്യത്തില്‍ വര്‍ധന. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, ഷഫാലി വര്‍മ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫോളോവേഴ്സിന്റെ പ്രവാഹമാണ്. ചിലരുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഇരട്ടിയോ മൂന്നിരട്ടിയോ ആയി. ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റ് അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് താരങ്ങളുടെ മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ 127 റണ്‍സ് നേടി പുറത്താകാതെ നിന്ന ജമീമയുടെ താരമൂല്യം 100% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ജമീമയെ കൈകാര്യം ചെയ്യുന്ന ഏജന്‍സിയായ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സിലെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ കരണ്‍ യാദവ് പറയുന്നതിങ്ങനെ... ''ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരം പൂര്‍ത്തിയായ ഉടന്‍ തന്നെ ഞങ്ങള്‍ക്ക് ഒരുപാട് അഭ്യര്‍ത്ഥനകള്‍ വന്നു. 10-12 ബ്രാന്‍ഡുകളുമായി ഞങ്ങള്‍ സംഭാഷണത്തിലാണ്.'' കരണ്‍ വ്യക്തമാക്കി.
ജെമീമ ഇപ്പോള്‍ 75 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റ് ഫീസ് ഈടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ ക്രിക്കറ്റ് കളിക്കാരിയായ സ്മൃതി മന്ദാന, എച്ച്യുഎല്ലിന്റെ റെക്സോണ ഡിയോഡറന്റ്, നൈക്ക്, ഹ്യുണ്ടായ്, ഹെര്‍ബലൈഫ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഗള്‍ഫ് ഓയില്‍, പിഎന്‍ബി മെറ്റ്ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ 16 ബ്രാന്‍ഡുകളുടെ അംബാസഡറാണ്. 29 കാരിയായ താരം ഒരു ബ്രാന്‍ഡില്‍ നിന്ന് മാത്രം 1.5-2 കോടി രൂപ സമ്പാദിക്കുന്നതായാണ് റിപ്പോര്‍ട്ട്.
വനിതാ ഏകദിന ലോകകപ്പിന് ശേഷം പുറത്തുവന്ന ഐസിസി ബാറ്റര്‍മാരുടെ റാങ്കിംഗില്‍ സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ലോറ വോള്‍വാര്‍ഡാണ് പുതിയ അവകാശി. ടൂര്‍ണമെന്റിന് മുമ്പ് മന്ദാനയായിരുന്നു ഒന്നാം സ്ഥാനതത്ത്. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും മന്ദാനയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ വോള്‍വാര്‍ഡിന്റെ വിസ്മയിപ്പിക്കുന്ന ഫോം മന്ദാനയെ പിന്നിലാക്കി. ഒമ്പത് ഇന്നിംഗ്സില്‍ നിന്ന് 571 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്.


