ഇന്ത്യ കന്നി ലോകകപ്പ് കിരീടനേട്ടം ആഘോഷമാക്കിയപ്പോള്‍ ആരും പ്രതികയെ മറന്നില്ല. ടീമിനൊപ്പം ചിത്രമെടുക്കാനായി പ്രതിക ഗ്രൗണ്ടിലെത്തി.
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജയിച്ചതിന് പിന്നാലെ ഗ്രൗണ്ടില്‍ വികാര നിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ഇതില്‍ ഇന്ത്യന്‍ താരം പ്രതിക റാവലിനെ വീല്‍ചെയറില്‍ ആഘോഷ പരിപാടികളില്‍ പങ്കെടുപ്പിച്ചതും ഉണ്ടായിരുന്നു. പ്രാഥമിക റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പ്രതികയ്ക്ക് സെമിയിലും ഫൈനലിലും കളിക്കാനായിരുന്നില്ല. പ്രതികയ്ക്ക് പകരം ഷഫാലി വര്‍മയെ ഇന്ത്യ ഓപ്പണറാക്കി. ഷഫാലിയായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായതും നിര്‍ണായക രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതും.
ഇന്ത്യ കന്നി ലോകകപ്പ് കിരീടനേട്ടം ആഘോഷമാക്കിയപ്പോള്‍ ആരും പ്രതികയെ മറന്നില്ല. ടീമിനൊപ്പം ചിത്രമെടുക്കാനായി പ്രതിക ഗ്രൗണ്ടിലെത്തി. വീല്‍ ചെയറില്‍ എത്തിയ താരത്തെ മുന്നില്‍ നിര്‍ത്തിയാണ് ഇന്ത്യ താരങ്ങളുടെ ഫോട്ടോ ഷൂട്ട് നടന്നത്. എന്നാല്‍ പ്രതികയ്ക്ക് വിജയ മെഡല്‍ നല്‍കിയിരുന്നില്ല. പിന്നീട് സ്മൃതി മന്ദാന തന്റെ മെഡല്‍ സ്മൃതിയെ അണിയിക്കുന്നത് കാണാമായിരുന്നു. പ്രതിക ആദ്യ വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സ്മൃതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി കഴുത്തില്‍ അണിയുന്നുണ്ട്.
എന്തുകൊണ്ട് പ്രതികയ്ക്ക് മെഡല്‍ നല്‍കിയില്ലെന്നുള്ളതാണ് ആരാധകര്‍ അന്വേഷിക്കുന്നത്. അതിന് കാരണവുമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) യോഗ്യതാ മാനദണ്ഡമനുസരിച്ച്, ടൂര്‍ണമെന്റിന്റെ അവസാനം ഔദ്യോഗിക 15 അംഗ ടീമില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍ക്ക് മാത്രമേ മെഡലുകള്‍ നല്‍കൂ. ഇന്ത്യക്കാണെങ്കില്‍ മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ പരിക്കേറ്റ പ്രതികയെ ഒഴിവാക്കണമായിരുന്നു. അങ്ങനെ ഒഴിവാക്കിയാണ് ഷഫാലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ടാണ് പ്രതികയ്ക്ക് മെഡല്‍ നല്‍കാതിരുന്നതും.
ഗ്രൗണ്ടിലിറങ്ങി ടീമിനായി പൊരുതാന്‍ എനിക്കായില്ല. പക്ഷെ ഈ ടീമിന് ലഭിക്കുന്ന ഓരോ കൈയടിയും ഞാന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. ഈ കണ്ണീര്‍ എന്റെ കൂടിയാണ് എന്നായിരുന്നു പ്രതിക എക്‌സില്‍ കുറിച്ചത്. ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 37, പാകിസ്ഥാനെതിരെ 31, ദക്ഷിണാഫ്രിക്കക്കെതിരെ 37, ഓസ്‌ട്രേലിയക്കെതിരെ 75, ഇംഗ്ലണ്ടിനെതിരെ 6, ന്യൂസിലന്‍ഡിനെതിരെ 122 എന്നിങ്ങനെയായിരുന്നു പ്രതികയുടെ പ്രകടനം.

