Asianet News MalayalamAsianet News Malayalam

1992 ലെ ഏകദിന ലോകപ്പിനെ അനുസ്മരിപ്പിച്ച് പാക് കുതിപ്പ്; ഫൈനലില്‍ എതിരാളികളായി ഇന്ത്യയോ ഇംഗ്ലണ്ടോ

ഇഫ്തിഖര്‍ അഹമ്മദിന്‍റെയും ഷദാബ് ഖാന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ജീവന്‍ നിലനിര്‍ത്തിയ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെയും നെതര്‍ലന്‍ഡ്സിനെയും വീഴ്ത്തിയെങ്കിലും അപ്പോഴും സെമി ഉറപ്പില്ലായിരുന്നു. നെതര്‍ലന്‍ഡ്സായിരുന്നു പിന്നീട് പാക്കിസ്ഥാന്‍റെ രക്ഷകരായി അവതരിച്ചത്.

Pakistans win and 1992 ODI World Cup similarity
Author
First Published Nov 9, 2022, 5:30 PM IST

സിഡ്നി: ടി20 ലോകകപ്പില്‍ ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റ് സെമി പോലും കാണാതെ പുറത്തായെന്ന് കടുത്ത ആരാധകര്‍ പോലും വിശ്വസിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ ടി20 ലോകകപ്പിന്‍റെ ഫൈനലിലെത്തിയിരിക്കുന്നു. ആദ്യ രണ്ട് കളികളും തോറ്റ് ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക സൂപ്പര്‍ 12 പോരാട്ടത്തില്‍ 43-4 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ പിന്നീട് നടത്തിയത് അവിശ്വസനീയ തിരിച്ചുവരവായിരുന്നു.

ഇഫ്തിഖര്‍ അഹമ്മദിന്‍റെയും ഷദാബ് ഖാന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ജീവന്‍ നിലനിര്‍ത്തിയ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെയും നെതര്‍ലന്‍ഡ്സിനെയും വീഴ്ത്തിയെങ്കിലും അപ്പോഴും സെമി ഉറപ്പില്ലായിരുന്നു. നെതര്‍ലന്‍ഡ്സായിരുന്നു പിന്നീട് പാക്കിസ്ഥാന്‍റെ രക്ഷകരായി അവതരിച്ചത്. ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് പാക്കിസ്ഥാന് സെമിയിലേക്കുള്ള വഴി തുറന്നു നല്‍കിയ നെതര്‍ലന്‍ഡ്സ് ഒപ്പം സെമി ഏതാണ്ട് ഉറപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്കയെ പുറത്താക്കുകയും ചെയ്തു. സെമിയില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയ പാക് പട ഇപ്പോഴിതാ ഫൈനലിലെത്തിയിരിക്കുന്നു.

ന്യൂസിലന്‍ഡിനെതിരെ സെമി ഫൈനലില്‍ നേടിയ വിജയം; ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് പാകിസ്ഥാന്‍

ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 1992ലെ ഏകദിന ലോകകപ്പിലും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയാണ് ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ കിരീടം നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകലിന്‍റെ വക്കില്‍ നിന്ന് സെമിയിലെത്തിയ പാക്കിസ്ഥാന്‍ സെമിയില്‍ ഇന്‍സമാം ഉള്‍ ഹഖിന്‍റെ അവിശ്വസനീയ ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് ഫൈനലിലെത്തി. ഇത്തവണയും പാക് പട സെമിയില്‍ വീഴ്ത്തിയത് കിവീസിനെയാണ്.

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലിലെത്തിയാല്‍ 1992ലെ ലോകകപ്പിന്‍റെ തനിയാവര്‍ത്തനമാകുപം അത്. ഇന്ത്യയാണ് ഫൈനലിലെത്തുന്നതെങ്കില്‍ 2007ലെ ആദ്യ ടി20 ലോകകപ്പ് ഫൈനല്‍ ആവര്‍ത്തിക്കും.1992ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി പാക്കിസ്ഥാന്‍ ആദ്യ ലോകകിരീടം നേടിയെങ്കില്‍ 2007ലെ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യയാണ് ആദ്യ ടി20 ലോകകിരീടം നേടിയത്.

Follow Us:
Download App:
  • android
  • ios