ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള ചില കളിക്കാർക്ക് ബാഗുകൾ ചുമക്കാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും എന്തിനേറെ, ഫാൻ ഓൺ ചെയ്യാൻ വരെ ആളുകളുണ്ടെന്നാണ് കേൾക്കുന്നത്.

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നിലവിലെ കളിക്കാരുടെ പെരുമാറ്റത്തെയും 'സൂപ്പർസ്റ്റാർ സംസ്കാരത്തെയും' കടന്നാക്രമിച്ച് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരവും ഇന്ത്യൻ തമിഴ്‌നാട് ക്രിക്കറ്ററുമായ എസ്. ബദരീനാഥ്. സ്വന്തം യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെയാണ് ബദരീനാഥ് ഈ വിഷയം ഉന്നയിച്ചത്. നിലവിലെ ടീമിലെ ചില കളിക്കാർക്ക് അവരെ സഹായിക്കാൻ വലിയൊരു സംഘം തന്നെയുണ്ടെന്നും, ഫാൻ ഓൺ ചെയ്യാൻ പോലും ആളുകളെ വെച്ചിരിക്കുകയാണെന്നും ബദരീനാഥ് തുറന്നടിച്ചു. ഇതിന് വിപരീതമായി താൻ കളിച്ചിരുന്ന കാലത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായ സച്ചിൻ ടെൻഡുൽക്കറുടെ ലാളിത്യത്തെയും ബദരീനാഥ് ഓർത്തെടുത്തു.

ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള ചില കളിക്കാർക്ക് ബാഗുകൾ ചുമക്കാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും എന്തിനേറെ, ഫാൻ ഓൺ ചെയ്യാൻ വരെ ആളുകളുണ്ടെന്നാണ് കേൾക്കുന്നത്. എന്നാൽ ഞാൻ കളിച്ചിരുന്ന കാലത്ത് ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ സച്ചിൻ ടെൻഡുൽക്കർ ആയിരുന്നു. അദ്ദേഹം ഒരിക്കലും അത്തരത്തിൽ അനാവശ്യമായ ആഡംബരങ്ങൾ കാണിച്ചിട്ടില്ല. ഏത് റൂം കൊടുത്താലും സച്ചിൻ അവിടെ തങ്ങും. ചിലപ്പോൾ ബെഡിൽ പോലും കിടക്കാതെ തറയിൽ കിടന്നുറങ്ങാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതെന്നും ബദരീനാഥ് പറഞ്ഞു. ഈ വിഷയത്തിൽ സംസാരിച്ച മുൻ ഇന്ത്യൻ ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ, വിരലെണ്ണാവുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്നത് കൊണ്ട് മാത്രം ഒരാൾ സൂപ്പർസ്റ്റാർ ആകില്ലെന്ന് അഭിപ്രായപ്പെട്ടു.

സ്ഥിരതയോടെ മത്സരങ്ങൾ ജയിപ്പിക്കുകയും, സ്റ്റേഡിയം നിറയ്ക്കുകയും, ടെലിവിഷൻ സ്‌ക്രീനിലേക്ക് ആളുകളെ ആകർഷിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ സൂപ്പർസ്റ്റാറുകൾ. 5 മത്സരങ്ങളിൽ കുറഞ്ഞത് 3 എണ്ണമെങ്കിലും ജയിപ്പിച്ചു തരാൻ സാധിക്കണം, അല്ലാതെ അഞ്ച് പരസ്യങ്ങളിൽ അഭിനയിച്ചതുകൊണ്ട് മാത്രം സൂപ്പർസ്റ്റാറാകില്ല. വിരാട് കോലി, സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി, ജസ്പ്രീത് ബുംറ, ആർ. അശ്വിൻ എന്നിവരൊക്കെ ചെയ്തത് ഇതാണ്. ഇത്തരം വലിയ കളിക്കാർ ഒരിക്കലും ടീമിന്‍റെ സംസ്കാരത്തെ അപമാനിക്കില്ല, മറിച്ച് അത് ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുകയെന്നും ശ്രീധര്‍ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്തായി ചർച്ചയായിക്കൊണ്ടിരിക്കുന്ന കളിക്കാരുടെ ആഡംബര ജീവിതത്തെയും സൂപ്പർസ്റ്റാർ സംസ്കാരത്തെയും കുറിച്ചുള്ള ഈ പ്രസ്താവനകൾ ആരാധകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക