വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റ ഓപ്പണർ പ്രതിക റാവലിന് ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനൽ നഷ്ടമായേക്കും. 

മുംബൈ: വനിത ഏകദിന ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവലിന് ഓസ്‌ട്രേലിക്കെതിരായ സെമി ഫൈനല്‍ മത്സരം നഷ്ടമായേക്കും. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പ്രതികയുടെ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഫീല്‍ഡ് ചെയ്യുന്നതിനിടെ പ്രതികയുടെ കാല്‍ പാദം മടങ്ങുകയായിരുന്നു. പിന്നീട് ഫിസിയോയുടെ സഹായത്തോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ഗ്രൗണ്ടിന് പുറത്തേക്ക് പോയത്. വ്യാഴാഴ്ച്ചയാണ് നവി മുംൈബയിലാണ് ഓസ്‌ട്രേലിക്കെതിരായ സെമി ഫൈനല്‍ മത്സരം.

പ്രതിക മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണെന്നും പരിക്കിന്റെ വ്യാപ്തിയെ കുറിച്ച് പരിശോധിക്കുകയാണെന്ന് ഇന്നലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ താരത്തിന്റെ പരിക്കില്‍ മുന്‍ ഇന്ത്യന്‍ താരം മിതാലി രാജ് ആശങ്ക പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരെ കളിക്കാന്‍ പ്രതിക ഫിറ്റല്ലെങ്കില്‍ ഹര്‍ലീന്‍ ഡിയോള്‍ ഓപ്പണറാക്കണെന്ന് മിതാലി വ്യക്തമാക്കി. അതുമല്ലെങ്കില്‍, വിക്കറ്റ് കീപ്പര്‍ ഉമാ ചേത്രിയേയും പരിഗണിക്കാമെന്നും മിതാലി കൂട്ടിചേര്‍ത്തു.

അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 എന്ന നിലയില്‍ ആയിരിക്കെയാണ് മഴയെത്തിയത്. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. സ്മൃതി മന്ദാന (34), അമന്‍ജോത് കൗര്‍ (15) എന്നിവരായിരുന്നു ക്രീസില്‍. നേരത്തെ, ഇടയ്ക്കിടെ മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് 27 ഓവറാക്കി ചുരുക്കിയിരുന്നു.

നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 119 റണ്‍സ് അടിച്ചെടുത്തത്. 36 റണ്‍സ് നേടിയ ഷര്‍മിന്‍ അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ശോഭന മൊസ്താരി 26 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി രാധ യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീ ചരണിക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

YouTube video player