ഐസിസി ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ സിംബാബ്‌വെ നേടുന്ന ഏറ്റവും വലിയ ജയമാണിത്.

റാവല്‍പിണ്ടി: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ സിംബാബ്‌വേയോട് കൂറ്റന്‍ തോല്‍വി വഴങ്ങി ശ്രീലങ്ക. ഇന്നലെ റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 67 റണ്‍സിനാണ് സിംബാബ്‌വെ തകര്‍ത്തത്. ഐസിസി ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ സിംബാബ്‌വെ നേടുന്ന ഏറ്റവും വലിയ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 20 ഓവറില്‍ വെറും 95 റണ്‍സിന് ഓള്‍ ഔട്ടായി. 34 റണ്‍സെടുത്ത ദാസുന്‍ ഷനകയും 11 റണ്‍സെടുത്ത ഭാനുക രാജപക്സയും മാത്രമാണ് ശ്രീലങ്കൻ നിരയില്‍ രണ്ടക്കം കടന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയ സിംബാബ്‌വെയുടെ ആദ്യ ജയമാണിത്.

163 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്കക്ക് ആദ്യ ഓവറില്‍ തന്നെ അടിതെറ്റി. ഓപ്പണര്‍ പാതും നിസങ്കയെ പൂജ്യത്തിന് മടക്കിയ ഗരാവയാണ് ലങ്കക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. കുശാല്‍ മെന്‍ഡിസ്(6) റണ്‍ ഔട്ടായപ്പോള്‍ കുശാല്‍ പെരേരയും(4) നിലയുറപ്പിക്കാതെ മടങ്ങി. ഭാനുക രാജപക്സ(11) രണ്ടക്കം കടന്നെങ്കിലും സ്കോര്‍ 30 കടക്കും മുമ്പെ മടങ്ങിയതോടെ ലങ്ക 29-4ലേക്ക് കൂപ്പുകുത്തി. ക്യാപ്റ്റൻ ദാസുന്‍ ഷനയകുടെ(25 പന്തില്‍ 34) ചെറുത്തു നില്‍പ് ലങ്കയെ 50 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചു നില്‍ക്കാനാവാഞ്ഞതോടെ ലങ്കയുടെ പോരാട്ടം 95 റണ്‍സില്‍ അവസാനിച്ചു. സിംബാബ്‌വെക്ക് വേണ്ടി ബ്രാന്‍ഡ് ഇവാന്‍സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റിച്ചാര്‍ഡ് ഗവാര രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെക്കായി ഓപ്പണര്‍ ബ്രയാൻ ബെന്നറ്റാണ് ടോപ് സ്കോററായത്. 49 റണ്‍സെടുത്ത ബെന്നറ്റിന് പുറമെ 47 റണ്‍സെടുത്ത ക്യാപ്റ്റൻ സിക്കന്ദര്‍ റാസയും സിംബാബ്‌വെക്കായി തിളങ്ങി. റയാന്‍ ബേൾ 18 റണ്‍സെടുത്തു. ശ്രീലങ്കക്കായി വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റെടുത്തു. നാളെ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്ക പാകിസ്ഥാനെ നേരിടും.