നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലു പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനിറങ്ങുന്നത്.

പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് നാലു വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരായ സാക് ക്രോളിയുടെയും ബെന്‍ ഡക്കറ്റിന്‍റെയും ജോ റൂട്ടിന്‍റെയും ഒല്ലി പോപ്പിന്‍റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സോടെ ഹാരി ബ്രൂക്കും നാലു റണ്‍സുമായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും ക്രീസില്‍.

ഓപ്പണര്‍ സാക് ആദ്യ ഓവറില്‍ തന്നെ ക്രോളി പൂജ്യത്തിന് മടങ്ങിയപ്പോൾ തകര്‍ത്തടിച്ച് തുടങ്ങിയ ഡക്കറ്റ് 20 പന്തില്‍ 21 റൺസെടുത്ത് പുറത്തായി. റൂട്ടിനെ അക്കൗണ്ട് തുറക്കും മുമ്പ് മടക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിനെ 39-3ലേക്ക് തള്ളിയിട്ടെങ്കിലും ഒല്ലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. എന്നാല്‍ ആദ്യ ദിനം ലഞ്ചിന് മുമ്പ് പോപ്പിനെ(46) വിക്കറ്റിന് മുന്നില്‍ കുടുക്കിയ കാമറൂണ്‍ ഗ്രീന്‍ ഇംഗ്ലണ്ടിന് നാലാം പ്രഹരമേല്‍പ്പിച്ചു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളെടുത്തു.

View post on Instagram

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലു പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പന്ത്രണ്ടംഗ ടീമില്‍ നിന്ന് സ്പിന്നര്‍ ഷൊയ്ബ് ബഷീറിനെ ഒഴിവാക്കിയപ്പോള്‍ പേസര്‍ ബ്രെയഡ്ൻ കാര്‍സ് ഇംഗ്ലണ്ടിന്‍റെ അന്തിമ ഇലവനിലെത്തി. ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ക്രോളിയെ മടക്കിയപ്പോള്‍ തകര്‍ത്തടിച്ച് തുടങ്ങിയ ഡക്കറ്റിനെ സ്റ്റാര്‍ക്ക് തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ ഇതുവരെ സെഞ്ചുറിയില്ലെന്ന റെക്കോര്‍ഡ് തിരുത്താനിറങ്ങിയ റൂട്ടിന് ആദ്യ ടെസ്റ്റില്‍ അടിതെറ്റി. റണ്ണെടുക്കും മുമ്പ് റൂട്ടും സ്റ്റാര്‍ക്കിന് മുന്നില്‍ വീണു.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: ഉസ്മാൻ ഖവാജ, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക്, ബ്രെൻഡൻ ഡോഗെറ്റ്, സ്കോട്ട് ബോളണ്ട്, നഥാൻ ലിയോൺ.

ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവന്‍: ബെൻ ഡക്കറ്റ്, സാക് ക്രോളി, ഒലി പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ഗസ് അറ്റ്കിൻസൺ, മാർക് വുഡ്, ജോഫ്ര ആർച്ചർ, ബ്രെയ്ഡന്‍ കാര്‍സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക