ടീം ഇന്ത്യയുടെ രണ്ട് യുവ വെടിക്കെട്ട് വീരന്‍മാര്‍ക്ക് ഇതിഹാസ ഓപ്പണറുടെ ഗംഭീര പ്രശംസ, വീരുവിന്‍റെ വാക്കുകള്‍ ഏതൊരു താരത്തെയും കൊതിപ്പിക്കുന്നത്  

ദില്ലി: ഇന്ത്യന്‍ ടീം(Team India) ടെസ്റ്റ് ക്രിക്കറ്റ് അടക്കിഭരിക്കുമെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടുമെന്നും ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). വെടിക്കെട്ട് വീരന്‍മാരായ പൃഥ്വി ഷായും(Prithvi Shaw) റിഷഭ് പന്തുമുള്ള(Rishabh Pant) ടീമിനെ എതിരാളികള്‍ ഭയക്കുമെന്നും ഇരുവരും ടീമിലുണ്ടേല്‍ 400 റണ്‍സൊന്നും തികയാണ്ട് വരുമെന്ന് എതിര്‍ ടീമുകള്‍ ചിന്തിക്കുമെന്നും വീരു പറഞ്ഞു. നിലവില്‍ ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. 

'ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആവേശം തിരിച്ചുകൊണ്ടുവരാന്‍ പ്രാപ്‌തനായ താരമാണ് പൃഥ്വി ഷാ. ഷായും റിഷഭ് പന്തും ടെസ്റ്റ് ക്രിക്കറ്റ് അടക്കിഭരിക്കാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടാനും ടീം ഇന്ത്യയെ സഹായിക്കും' എന്നും ഇതിഹാസ ഓപ്പണര്‍ ഒരു സ്‌പോര്‍ട്‌സ് ഷോയില്‍ പറഞ്ഞു. 

രാജ്യാന്തര ക്രിക്കറ്റിലേക്ക് വലിയ ആകാംക്ഷ സൃഷ്‌ടിച്ചാണ് കടന്നുവന്നതെങ്കിലും കയറ്റിറക്കങ്ങള്‍ കണ്ട കരിയറാണ് പൃഥ്വി ഷായുടെയും റിഷഭ് പന്തിന്‍റേതും. ഏറെ വിമര്‍ശനം കേട്ട റിഷഭ് പന്ത് ടെസ്റ്റില്‍ മത്സരഫലം മാറ്റിയെഴുതാന്‍ ശേഷിയുള്ള താരമായി വളര്‍ന്നു. അതിവേഗം സ്‌കോര്‍ ചെയ്യാനാവുന്നതും ബൗളര്‍മാര്‍ക്ക് മേല്‍ മേധാവിത്വം സ്ഥാപിക്കാന്‍ കഴിയുന്നതും റിഷഭിനെ താരമാക്കി. ടെസ്റ്റില്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ചുറിയുമായി റിഷഭ് പ്രതിഭ കാട്ടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 30 മത്സരങ്ങളില്‍ 40.85 ശരാശരിയില്‍ നാല് സെഞ്ചുറികളോടെ 1920 റണ്‍സാണ് 24കാരന്‍റെ സമ്പാദ്യം. 

വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം സെഞ്ചുറിയോടെ നടത്തിയ താരമാണ് പൃഥ്വി ഷാ. എന്നാല്‍ ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരെ പതറിയ പൃഥ്വി ഷാ ടീമിന് പുറത്തായി. പരിക്കും ഇതിനിടെ വിനയായി. അവസാനമായി ടെസ്റ്റ് കളിച്ചതാവട്ടെ 2020 ഡിസംബറിലും. അഞ്ച് ടെസ്റ്റില്‍ 42.38 ശരാശരിയില്‍ ഒരു സെഞ്ചുറിയോടെ 339 റണ്‍സാണ് 22കാരനായ ഷായുടെ നേട്ടം. 

IND vs SA : ദക്ഷിണാഫ്രിക്കയില്‍ ബാറ്റിംഗ് വെടിക്കെട്ടിന് സഞ്ജു; സ്‌ക്വാഡുമായി വസീം ജാഫര്‍, ടീമില്‍ സര്‍പ്രൈസ്