റിഷഭ് പന്തില്‍ (Rishabh Pant) പുറത്താവാതെ നേടിയ 138 പന്തില്‍ 89, ശുഭ്മാന്‍ ഗില്ലിന്റെ (Shubman Gill) 91 റണ്‍സുമാണ് ഇന്ത്യയെ ചരിത്ര പ്രദ്ധമായ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ ചേതേശ്വര്‍ പൂജാരയുടെ (Cheteshwar Pujara) ഇന്നിംഗ്‌സ് വിസ്മരിച്ചുകൂട.

ലണ്ടന്‍: കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിഖ്യാതമായ ഗാബയില്‍ ടെസ്റ്റ് വിജയം ആഘോഷിച്ചത്. 1988ല്‍ വെസറ്റ് ഇന്‍ഡീസാണ് മുമ്പ് ഇതേ വേദിയില്‍ ടെസ്റ്റ് വിജയം സ്വന്തമാക്കിയിരുന്നത്. 138 പന്തില്‍ റിഷഭ് പന്തില്‍ (Rishabh Pant) പുറത്താവാതെ നേടിയ 89 റണ്‍സും, ശുഭ്മാന്‍ ഗില്ലിന്റെ (Shubman Gill) 91 റണ്‍സുമാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ ചേതേശ്വര്‍ പൂജാരയുടെ (Cheteshwar Pujara) ഇന്നിംഗ്‌സ് വിസ്മരിച്ചുകൂട. 211 പന്തുകള്‍ നേരിട്ട പൂജാര 56 റണ്‍സ് നേടി. ഓസീസ് പേസാക്രമണത്തെ പൂജാരയ്ക്ക് ശരീരം കൊണ്ടുപോലും പലപ്പോഴും പ്രതിരോധിക്കേണ്ടി വന്നു.

ആ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് പൂജാരയിപ്പോള്‍. എന്റെ ശരീരം തന്നെയാണ് ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൂജാര വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ശരീരത്തില്‍ പന്ത്‌കൊണ്ടപ്പോഴെല്ലാം വേദനിക്കുന്നുണ്ടായിരുന്നു. അതേ സ്ഥാനത്ത് മൂന്നും നാലും തവണ വീണ്ടും പന്ത് കൊണ്ടു. അപ്പോഴെല്ലാം വേദന കടുത്തുകൊണ്ടിരുന്നു. ഒരുഘട്ടത്തില്‍ എന്റെ കൈവിരലിലും ഒരു പന്തുകൊണ്ടു. സഹിക്കാന്‍ പറ്റാവുന്നതിനും അപ്പുറത്തായിരുന്നു വേദന. ചാന്‍ ഫിസിയോയുമായി സംസാരിച്ചു. വേദനസംഹാരികള്‍ വേണമോയെന്ന് അദ്ദേഹം സംസാരിച്ചു. എന്നാല്‍ മരുന്നെടുക്കേണ്ടെന്നായിരുന്നു എന്റെ തീരുമാനം. 

ചിലപ്പോള്‍ എന്റെ ഏകാഗ്രതയെ തന്നെ ബാധിക്കുമായിരുന്നു. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ടായിരുന്നു, വേദനകൊണ്ട് പുളഞ്ഞാലും ടെസ്റ്റ് വിജയിക്കണമെന്ന്. അവസാന ദിവസം ആദ്യ രണ്ട് സെഷനില്‍ വിക്കറ്റ് കളയാതിരിക്കാനാണ് ഞാന്‍ ശ്രമിച്ചിരുന്നത്. വേദനയോടെയുള്ള ശരീരമാണ് എന്നെ ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ എനിക്ക് പ്രചോദനമായത്.'' പൂജാര പറഞ്ഞു. 

റിഷഭ് പന്തുമൊത്തുള്ള കൂട്ടുകെട്ടിനെ കുറിച്ചും പൂജാര സംസാരിച്ചു. ''രണ്ട് പേരും സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടായിരുന്നു. കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാവരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. മാത്രമല്ല, കുറച്ചൂകൂടെ വേഗത്തില്‍ റണ്‍സ് കണ്ടെത്തി ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ശ്രമിച്ചു. 400 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ അതെല്ലായ്‌പ്പോഴും എളുപ്പമായിരുന്നില്ല. കൂട്ടുകെട്ട് പടുത്തുയര്‍ത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്.'' അത് വിജയിക്കുകയും ചെയ്തു.

പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. അതും ഇന്ത്യയുടെ പ്രധാന താരങ്ങളൊന്നുമില്ലാതെ തന്നെ. ഗബ്ബയില്‍ ടി നടരാജന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി എന്നിവരായിരുന്നു ഇന്ത്യയുടെ പേസര്‍മാര്‍. ജസ്പ്രിത് ബുമ്രയ്ക്ക് അവസാന ടെസ്റ്റിന് മുമ്പ് പരിക്കേറ്റിരുന്നു. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും പരിക്കിനെ തുടര്‍ന്ന് കളിക്കാനായില്ല.