അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ രണ്ട് പന്തുകളിലും ഷിമ്രോണ്‍ ഹെറ്റ്മെയറിന് റണ്‍സെടുക്കാന്‍ കഴിയാതിരുന്നതോടെ ലക്ഷ്യം നാല് പന്തില്‍ 10 റണ്‍സായി. അര്‍ഷ്ദീപിന്‍രെ മൂന്നാം പന്ത് സിക്സിന് പറത്തിയ ഹെറ്റ്മെയര്‍ നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു.
മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ അനായാസം ജയിക്കാമായിരുന്ന കളിയെ ലാസ്റ്റ് ഓവര്‍ ത്രില്ലറിലേക്ക് നീട്ടിയ രാജസ്ഥാന്‍ ഷിമ്രോണ്‍ ഹെറ്റ്മെയറുടെ ബാറ്റിംഗ് മികവില്‍ പഞ്ചാബ് കിംഗ്സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. പഞ്ചാബ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശയ രാജസ്ഥാന്‍ ഒരു പന്ത് ബാക്കി നിര്‍ത്തിയാണ് ലക്ഷ്യത്തിലെത്തിയത്. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 147-8, രാജസ്ഥാന്‍ റോയല്‍സ് 19.5 ഓവറില്‍ 152-7.
അവസാന അഞ്ചോവറില്‍ 49 റണ്‍സും അവസാന രണ്ടോവറില്‍ 20 റണ്‍സുമായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സാം കറന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ രണ്ട് പന്ത് ബൗണ്ടറി കടത്തിയ റൊവ്‌മാന്‍ പവല്‍ രാജസ്ഥാന്‍റെ ലക്ഷ്യം 10 പന്തില്‍ 12 ആക്കിയെങ്കിലും അതേ ഓവറില്‍ പവലും കേശവ് മഹാരാജും പുറത്തായതോടെ രാജസ്ഥാന്‍റെ ലക്ഷ്യം അവസാന ഓവറില്‍ 10 റണ്‍സായി.
അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ രണ്ട് പന്തുകളിലും ഷിമ്രോണ്‍ ഹെറ്റ്മെയറിന് റണ്‍സെടുക്കാന്‍ കഴിയാതിരുന്നതോടെ ലക്ഷ്യം നാല് പന്തില്‍ 10 റണ്‍സായി. അര്‍ഷ്ദീപിന്‍രെ മൂന്നാം പന്ത് സിക്സിന് പറത്തിയ ഹെറ്റ്മെയര്‍ നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. അഞ്ചാം പന്തും സിക്സിന് പറത്തിയാണ് രാജസ്ഥാനെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 10 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്ന ഹെറ്റ്മയറും അഞ്ച് പന്തില്‍11 റണ്‍സടിച്ച് പുറത്തായ റൊവ്മാന്‍ പവലുമാണ് രാജസ്ഥാന്‍റെ രക്ഷകരായത്. നേരത്തെ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 28 പന്തില്‍ 39 റണ്‍സുമായി ടോപ് സ്കോററായപ്പോള്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ നന്നായി തുടങ്ങിയെങ്കിലും 14 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായി
അടിത്തറയിട്ട് യശസ്വി, ലക്ഷ്യത്തിലെത്തിച്ച് ഹെറ്റ്മെയര്‍
ജോസ് ബട്‌ലറുടെ അഭാവത്തില്‍ യശസ്വി ജയ്സ്വാളിനൊപ്പം ക്രീസിലെത്തിയ തനുഷ് കൊടിയാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ 56 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിശേഷമാണ് മടങ്ങിയത്. താളം കണ്ടെത്താന്‍ കഴിയാതിരുന്ന കൊടിയാന്‍ 31 പന്തിൽ 24 റണ്‍സടിച്ച് ലിയാം ലിവിംഗ്‌സ്റ്റണിന്‍റെ പന്തില്‍ ബൗള്‍ഡായി. വണ്‍ഡൗണായി എത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ലിവിംഗ്‌സ്റ്റണെ സിക്സും ഫോറുമടിച്ച് നല്ല തുടക്കമിട്ടു. സ്കോര്‍ 82ല്‍ നില്‍ക്കെ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ റബാഡക്ക് ക്യാച്ച് നല്‍കി യശസ്വി(39) മടങ്ങി. പിന്നാലെ റബാഡയുടെ പന്തില്‍ സഞ്ജു(18) വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ രാജസ്ഥാന്‍ സമ്മര്‍ദ്ദത്തിലായി.
ഓവറിൽ 6 പന്തും സിക്സിന് തൂക്കി, യുവരാജിനും പൊള്ളാർഡിനും ശേഷം ചരിത്രനേട്ടം ആവർത്തിച്ച് നേപ്പാൾ താരം
അവസാന നാലോവറില്‍ രാജസ്ഥാന്‍ ജയിക്കാന്‍ 43 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രണ്ട് തവണ ജീവന്‍ കിട്ടിയ പരാഗ്(18 പന്തില്‍ 23) പതിനെട്ടാം ഓവറില്‍ അര്‍ഷ്ദീപിന്‍റെ പന്തില്‍ പുറത്തായതോടെ രാജസ്ഥാന്‍ ആശങ്കയിലായി. പിന്നാലെ ധ്രുവ് ജുറെലും(11 പന്തില്‍ 6), റൊവ്മാന്‍ പവലും(5 പന്തില്‍ 11) കേശവ് മഹാരാജും (2 പന്തില്‍ 1)പുറത്താവുകയും പഞ്ചാബ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിയുകയും ചെയ്തതോടെ രാജസ്ഥാൻ തോല്‍വി മുന്നില്‍ കണ്ടെങ്കിലും ഹെറ്റ്മെയറുടെ മനസാന്നിധ്യം രാജസ്ഥാനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 147 റണ്‍സെടുത്തത്. എട്ടാമനായി ക്രീസിലിറങ്ങിയ 16 പന്തില്‍ 31 റണ്‍സടിച്ച അശുതോഷ് ശര്‍മയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. 24 പന്തില്‍ 29 റണ്‍സെടുത്ത ജിതേഷ് ശര്‍മയും പഞ്ചാബിനായി പൊരുതി. രാജസ്ഥാനു വേണ്ടി കേശവ് മഹാരാജും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
