ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ചതുര്‍ദിന ടെസ്റ്റ് കളിക്കാന്‍ ഇപ്പോൾ തെരഞ്ഞെടുത്ത ടീമിനെ നോക്കിയാല്‍ ആകെ ആശയക്കുഴപ്പമാണ് തോന്നുക.

ചെന്നൈ: സര്‍ഫറാസ് ഖാനെ ഇന്ത്യ എ ടീമിലേക്ക് പോലും പരിഗണിക്കാത്തതില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിൻ. സര്‍ഫറാസ് ഇന്ത്യൻ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്നും അവനെ ഒഴിവാക്കിയത് വേദനിപ്പിക്കുന്നുവെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. യഥാര്‍ത്ഥ പ്രശ്നം, കളിക്കാരുമായുള്ള ആശയവിനിമയവും സെലക്ഷനും തമ്മില്‍ യോജിച്ച് പോകണമെന്നതാണെന്ന് അശ്വിന്‍ വ്യക്തമാക്കി.

കളിക്കാരും സെലക്ടര്‍മാരും തമ്മില്‍ ആശയവിനിമയം നടക്കുന്നില്ലെന്ന് മാത്രമല്ല, ഓരോ സെലക്ഷനും കളിക്കാരില്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. തമിഴ്നാട് താരമായിരുന്ന സുബ്രഹ്മണ്യൻ ബദരീനാഥ് ദീര്‍ഘകാലം ഇന്ത്യ എക്കായി കളിക്കുകയും ക്യാപ്റ്റനാകുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. അതുപോലെ തന്നെയാണ് മനോജ് തിവാരിയുടെ കാര്യവും. അവരെ ടീമിലെടുക്കാതിരുന്നതിന് കാരണമായി ഞാന്‍ മനസിലാക്കുന്നത്, ഞങ്ങള്‍ നിങ്ങളുടെ പ്രകടനം കുറെ കണ്ടു കഴിഞ്ഞു, അതുകൊണ്ട് എ ടീമിലേക്ക് ഇനി പരിഗണിക്കുന്നില്ല, ഇന്ത്യൻ സീനിയര്‍ ടീമിന് ആവശ്യമെങ്കില്‍ വിളിക്കാം, അതുകൊണ്ട് എ ടീമില്‍ പുതിയ താരങ്ങള്‍ക്ക് അവസരം കൊടുക്കുന്നുവെന്നായിരിക്കും.

എന്നാല്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ചതുര്‍ദിന ടെസ്റ്റ് കളിക്കാന്‍ ഇപ്പോൾ തെരഞ്ഞെടുത്ത ടീമിനെ നോക്കിയാല്‍ ആകെ ആശയക്കുഴപ്പമാണ് തോന്നുക. സര്‍ഫറാസ് ഖാന്‍റെ കളി ആവശ്യത്തിന് കണ്ട് കഴിഞ്ഞതുകൊണ്ടാണ് എ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെങ്കില്‍ എ ടീമില്‍ ദീര്‍ഘകാലമായി കളിക്കുന്ന അഭിമന്യു ഈശ്വരന്‍ ഈ ടീമില്‍ കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കളിക്കാര്‍ ആശയക്കുഴപ്പത്തിലായാല്‍ അവരെ കുറ്റം പറയാനാവില്ല. ഇന്ത്യ എ ടീമില്‍ നിന്ന് സര്‍ഫറാസിനെ ഒഴിവാക്കിയത് എന്തുകൊണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഐഡിയയുമില്ല. ഇന്ത്യൻ ടീമിലെത്താനുള്ള എല്ലാ അര്‍ഹതയുമുള്ള താരമാണ് സര്‍ഫറാസെന്നും അശ്വിന്‍ പറഞ്ഞു.

അവനെ ടീമിലെടുക്കാത്തതില്‍ എനിക്ക് വേദനയുണ്ട്. കാരണം, അവന്‍ ശരീരഭാരമെല്ലാം കുറച്ച് കൂടുതല്‍ ഫിറ്റായാണ് ഇപ്പോള്‍ കളിക്കുന്നത്. അവസാനം കളിച്ച പരമ്പരയില്‍ സെഞ്ചുറിയും നേടി. ഞാനായിരുന്നു സര്‍ഫറാസിന്‍റെ സ്ഥാനത്തെങ്കില്‍ ഇനി എവിടെയാണ് മികവ് കാട്ടുക എന്ന് സ്വാഭാവികമായും സംശയിക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തിളങ്ങിയാല്‍ അവിടെ മാത്രമെ തിളങ്ങാനാവു എന്ന് പറയും. ഇന്ത്യ എ ടീമില്‍ പോലും എടുക്കാതെ എങ്ങനെയാണ് ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെക്കുക. അവനെ ഒഴിവാക്കിയത് സെലക്ടര്‍മാരിലാരുടെയുമെങ്കിലും ടീം മാനേജ്മെന്‍റിന്‍റെയോ തീരുമാനമാകാൻ ഇടയുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക