അത് വെറും കെട്ടുകഥ, രചിന്‍ രവീന്ദ്രയുടെ പേരിന് പിന്നില്‍ സച്ചിനോ ദ്രാവിഡോ അല്ലെന്ന് പിതാവ്
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡിനോടും സച്ചിന്‍ ടെന്‍ഡുക്കറോടുമുള്ള ഇഷ്ടം വെച്ചാണ് രാഹുല്‍ ദ്രാവിഡിലെ 'ര'യും സച്ചിനിനെ 'ചിന്‍' ഉം ചേര്‍ത്ത് മാതാപിതാക്കള്‍ മകന് രചിന്‍ രവീന്ദ്രയെന്ന പേരിട്ടത് എന്നതായിരുന്നു ഇതുവരെ ആരാധകര്‍ കരുതിയിരുന്നത്.

മുംബൈ: ന്യൂസിലന്‍ ക്രിക്കറ്റ് താരം രചിന്‍ രവീന്ദ്ര ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയതിനൊപ്പം തന്നെ മാധ്യമങ്ങളിലെല്ലാം സൂപ്പര്‍ ഹിറ്റായി ഓടിയ കഥയാണ് രചിന്‍ എന്ന പേര് വന്ന വഴിയും. ബാംഗ്ലൂര്‍ സ്വദേശികളായ രവി കൃഷ്ണമൂര്‍ത്തിയുടെയും ദീപ കൃഷ്ണമൂര്‍ത്തിയുടെയും മകനായ രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിലെ വെല്ലിങ്ടണിലാണ് ജനിച്ചതും വളര്‍ന്നതും.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡിനോടും സച്ചിന്‍ ടെന്‍ഡുക്കറോടുമുള്ള ഇഷ്ടം വെച്ചാണ് രാഹുല്‍ ദ്രാവിഡിലെ 'ര'യും സച്ചിനിനെ 'ചിന്‍' ഉം ചേര്‍ത്ത് മാതാപിതാക്കള്‍ മകന് രചിന്‍ രവീന്ദ്രയെന്ന പേരിട്ടത് എന്നതായിരുന്നു ഇതുവരെ ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ രചിന് ആ പേരിട്ടതിന് പിന്നില്‍ സച്ചിനോ ദ്രാവിഡിനോ ഒന്നും പങ്കില്ലെന്ന് തുറന്നു പറയുകയാണ് യുവതാരത്തിന്‍റെ പിതാവ് രവി കൃഷ്ണമൂര്‍ത്തി. രചിന്‍ ജനിച്ചപ്പോള്‍ ഭാര്യ ദീപയാണ് അധികമൊന്നും ആലോചിക്കാതെ രചിന്‍ രവീന്ദ്രയെന്ന പേര് നിര്‍ദേശിച്ചത്. കേട്ടപ്പോള്‍ നല്ല പേരാണെന്ന് തോന്നി. വിളിക്കാനും എളുപ്പമാണ്. പിന്നീട് കുറെക്കാലം കഴിഞ്ഞാണ് ഇത് രാഹുല്‍ ദ്രാവിഡിന്‍റെയും സച്ചിന്‍റെയും പേരുകള്‍ ചേര്‍ത്തുള്ളതാണല്ലോ എന്ന് തിരിച്ചറിയുന്നത്.
മകനെ ക്രിക്കറ്റ് താരമാക്കണമെന്ന് കരുതി അങ്ങനെ ഒരു പേരിട്ടതല്ലെന്നും രവി കൃഷ്ണമൂര്‍ത്തി ദ് പ്രിന്‍റിനോട് പറഞ്ഞു. കര്‍ണാടകയില്‍ ക്ലബ് തലത്തില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ള താരം കൂടിയാണ് സോഫ്റ്റ്‌വെയർ ആര്‍ക്കിടെക്ടായ രവി കൃഷ്ണമൂര്‍ത്തി. 1997-ലാണ് ഇരുവരും ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കുന്നത്. മകനെ ക്രിക്കറ്റ് താരമാക്കണമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും അവന് ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും രവി കൃഷ്ണമൂര്‍ത്തി പറഞ്ഞു. അവന്‍ ക്രിക്കറ്റില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഞങ്ങള്‍ സന്തോഷത്തോടെ അവനെ പിന്തുണച്ചുവെന്നും രവി കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.
സച്ചിന്‍റെയും ദ്രാവിഡിന്‍റെയും പേരുകള്‍ ചേര്‍ത്തല്ല പേരിട്ടതെങ്കിലും ഇരുവരുടെയും പല റെക്കോര്‍ഡുകളും ഈ ലോകകപ്പില്‍ രചിന്‍ തകര്‍ത്തു കഴിഞ്ഞു. നിലവില്‍ ലോകകപ്പ് റണ്‍വേട്ടയില്‍ 565 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് രചിന്‍. കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നടന്ന ശ്രീലങ്കക്കെതിരായ മത്സരത്തിന് ശേഷം ബാംഗ്ലൂരിലെ തന്‍റെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാന്‍ രചിന്‍ രവീന്ദ്ര എത്തിയതും മുത്തശ്ശി ദൃഷ്ടിദോഷം മാറ്റാനായി ഉഴിഞ്ഞിടുന്നതിന്‍റെ ദൃശ്യങ്ങളും വൈറലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക