ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ റിഷഭ് പന്ത് തിളങ്ങാതിരിക്കുകയും ഫിനിഷറുടെ റോളിൽ ദിനേശ് കാർത്തിക് മികവ് കാട്ടുകയും ചെയ്തതോടെയാണ് ചർച്ചകൾ സജീവമായത്
ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍(IND vs SA T20Is) തിളങ്ങാതിരുന്ന റിഷഭ് പന്തിനെ(Rishabh Pant) ശക്തമായി പിന്തുണച്ച് ഇന്ത്യന്‍ പരിശീലകൻ രാഹുൽ ദ്രാവിഡ്(Rahul Dravid). ട്വന്‍റി 20 ഫോർമാറ്റിൽ തുടർന്നും റിഷഭ് പന്തിന് ഇടമുണ്ടാകുമെന്ന് ദ്രാവിഡ് പറഞ്ഞു. മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം വെല്ലുവിളിയാകുമെന്നും ഇന്ത്യൻ പരിശീലകൻ അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ റിഷഭ് പന്ത് തിളങ്ങാതിരിക്കുകയും ഫിനിഷറുടെ റോളിൽ ദിനേശ് കാർത്തിക് മികവ് കാട്ടുകയും ചെയ്തതോടെയാണ് ചർച്ചകൾ സജീവമായത്. മധ്യനിര ബാറ്റർമാർ കുറേക്കൂടി വേഗത്തിൽ റൺസ് കണ്ടെത്തണമെന്ന് സമ്മതിക്കുമ്പോഴും റിഷഭ് പന്തിനെ തള്ളിപ്പറയാൻ പരിശീലകൻ രാഹുൽ ദ്രാവിഡ് തയ്യാറല്ല. പരമ്പരയിൽ കിട്ടിയ അവസരങ്ങൾ റുതുരാജ് ഗെയ്ക്വാദും ശ്രേയസ് അയ്യരും നഷ്ടമാക്കിയതും ദ്രാവിഡ് കാര്യമായെടുക്കുന്നില്ല. ഇംഗ്ലണ്ടിനെതിരെ അടുത്തമാസം ആദ്യം തുടങ്ങുന്ന ടെസ്റ്റ് മത്സരം കടുത്ത വെല്ലുവിളിയാകുമെന്നും ദ്രാവിഡ് പറയുന്നു. ഒരു പരമ്പര കൊണ്ട് റിഷഭ് പന്തിന്‍റെ നായകമികവ് അളക്കാനാകില്ലെന്നും രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കയ്ക്കതിരെ ടി20 പരമ്പരയില്‍ റിഷഭ് പന്തിന്‍റെ നായകത്വത്തില്‍ ഇറങ്ങിയ ടീം ഇന്ത്യ 2-2ന് പരമ്പര വീതംവെയ്ക്കുകയായിരുന്നു. ആദ്യ നാല് കളികളിൽ 57 റൺസ് മാത്രമെടുത്ത നായകൻ റിഷഭ് പന്ത് ആകട്ടെ ട്വന്‍റി 20 ടീമിലെ സ്ഥാനം തന്നെ സംശയത്തിലാക്കുന്ന നിലയിലാണ് പരമ്പര അവസാനിപ്പിച്ചത്. എന്നാല്‍ യുവതാരത്തിന് പൂർണ പിന്തുണ നല്‍കുകയാണ് ദ്രാവിഡ്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് 2-2ന് പരമ്പര ഇരു ടീമുകളും പങ്കിട്ടത്. തുടക്കത്തില്‍ മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 3.3 ഓവറില്‍ 28-2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും മഴയെത്തിയത്. പിന്നീട് മത്സരം പുനരംരാഭിക്കാന്‍ കഴിഞ്ഞില്ല. ഇഷാന്‍ കിഷന്‍(15), റുതുരാജ് ഗെയ്ക്വാദ്(10) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ശ്രേയസ് അയ്യരും(0*), റിഷഭ് പന്തും(1*) പുറത്താകാതെ നിന്നു. നാല് മത്സരങ്ങളില്‍ ആറ് വിക്കറ്റുമായി ഭുവനേശ്വർ കുമാറാണ് കളിയിലെ താരം.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‍ക്വാഡ് ഇതിനകം തീരുമാനമായിക്കാണും: സഞ്ജയ് ബാംഗർ
