സഞ്ജുവിന്‍റെ ടീമിനെ പരിശീലിപ്പിക്കാന്‍ ഇനി ഇന്ത്യയുടെ വന്‍മതില്‍; രാഹുല്‍ ദ്രാവിഡ് രാജസ്ഥാനുമായി കരാറൊപ്പിട്ടു
രാജസ്ഥാന്‍ റോയല്‍സിന്‍റെ മുന്‍ മെന്‍ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്.
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകനായി ഇന്ത്യൻ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുന്നത്. അടുത്ത സീസണിലേക്കാണ് ദ്രാവിഡ് രാജസ്ഥാന്‍റെ പരിശീലകനായി കരാറൊപ്പിട്ടതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ദ്രാവിഡിന്‍റെ സഹപരിശീലകനായി ഇന്ത്യൻ ടീം മുൻ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കാനും രാജസ്ഥാന്‍ ശ്രമിക്കുന്നുണ്ട്.
ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡ് അടുത്തിടെ ടീം മാനേജ്‌മെന്‍റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ മുന്‍ മെന്‍ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്.
2014, 2015 സീസണുകളിലാണ് ദ്രാവിഡ് രാജസ്ഥാന്‍റെ ഡയറക്ടറായും മെന്‍ററുമായത്. ഈ കാലഘട്ടത്തിലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിലെ താരമായത്. 2015ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയ ദ്രാവിഡ് 2019 മുതല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാവുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു.രാജസ്ഥാന്‍ റോയല്‍സിന് വിലക്ക് വന്ന രണ്ട് വര്‍ഷം സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിച്ചതും ഇതേ കാലഘട്ടത്തിലാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീം പരിശീലകനായും ദ്രാവിഡ് ഇതിനിടെ പ്രവര്‍ത്തിച്ചു.
ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചു, അജിത് അഗാര്‍ക്കറുടെ ടീമില്‍ പുതിയ അംഗമെത്തി
2021ലാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനായത്. ദ്രാവിഡിന് കീഴില്‍ കഴിഞ്ഞ ജൂണില്‍ ഇന്ത്യ ടി20 ലോകകപ്പ് കീരീടം നേടിയതിനൊപ്പം കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്‍റെ ഫൈനലിലും രണ്ട് തവണ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലിലും കളിച്ചു. നിലവില്‍ ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലന കാര്യങ്ങള്‍ കൂടി നോക്കുന്നത്. ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന്‍ 2022ല്‍ സഞ്ജുവിന് കീഴില്‍ റണ്ണേഴ്സ് അപ്പായി. 2023ല്‍ പ്ലേ ഓഫ് ബര്‍ത്ത് നേരിയ വ്യത്യാസത്തില്‍ നഷ്ടമായ രാജസ്ഥാൻ കഴിഞ്ഞ സീസണില്‍ എലിമിനേറ്ററിലാണ് പുറത്തായത്.
RAJASTHAN ROYALS UPDATES...!!!! [Espn Cricinfo]
— Johns. (@CricCrazyJohns) September 4, 2024
- Rahul Dravid as Head Coach.
- Kumar Sangakkara as Director of cricket.
- Vikram Rathour as Assistant Coach. pic.twitter.com/4ryChbUA5m
നേരത്തെ, നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗൗതം ഗംഭീറിന്‍റെ പകരക്കാരനായി ദ്രാവിഡിനെ മെന്‍ററായി പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക