ഇഷാന്‍ കിഷനെ തിരിച്ചുവിളിക്കണമെന്ന് പറയുന്നവരുണ്ട്. അതുമല്ല, ടീമിനൊപ്പമുള്ള ധ്രൂവ് ജുറലിനെ കളിപ്പിക്കണമെന്ന് പറയുന്നവരുണ്ട്.

വിശാഖപട്ടണം: ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് ടെസ്റ്റിലും മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന്റേത്. വിശാഖപട്ടണത്ത് 6,17 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. അതിന് മുമ്പ് ഹൈദരാബാദില്‍ നടന്ന മത്സത്തില്‍ 28, 41 എന്നിങ്ങനെയുള്ള റണ്‍സുമാണ് നേടിയത്. വിക്കറ്റില്‍ പിന്നിലും അത്ര നല്ലതായിരുന്നില്ല ഭരതിന്റെ പ്രകടനം. വരുന്ന ടെസ്റ്റില്‍ നിന്ന് താരത്തെ ഒഴിവാക്കണമെന്നുള്ള അഭിപ്രായം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു. ഇഷാന്‍ കിഷനെ തിരിച്ചുവിളിക്കണമെന്ന് പറയുന്നവരുണ്ട്. അതുമല്ല, ടീമിനൊപ്പമുള്ള ധ്രൂവ് ജുറലിനെ കളിപ്പിക്കണമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് മറ്റൊരു അഭിപ്രായമാണ്. 

മത്സരത്തിന് ശേഷം ഭരതിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ദ്രാവിഡ്. ''നിരാശ എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചാല്‍ അത് കുറച്ച് കടുത്ത് പോവും. കെ എസ് ഭരത് രണ്ട് മത്സരത്തിലും നിരാശ സമ്മാനിച്ചുവെന്ന് ഞാന്‍ പറയുന്നില്ല. യുവതാരങ്ങള്‍ക്ക് സമയം ആവശ്യമാണ്. അവര്‍ സ്വയം വളരുന്നതാണ്. ടീമിലെത്തുന്ന യുവതാരങ്ങള്‍ അവസാരങ്ങള്‍ അവസരങ്ങള്‍ മുതലെടുക്കുകയും മികച്ച പ്രകടനം പുറത്തെടുക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് സമയം ആവശ്യമാണ്. പഠനകാലയളവാണിത്. തുറന്നുപറഞ്ഞാല്‍, രണ്ട് ടെസ്റ്റുകളിലും ഭരതിന്റെ കീപ്പിംഗ് മികച്ചതായിരുന്നു. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. വിവിധ പിച്ചുകളില്‍ അവന്‍ കളിച്ചിട്ടുണ്ട്. വലിയ സംഭാവനകള്‍ നല്‍കാന്‍ അവസരം ലഭിച്ചിട്ടുള്ള താരമാണ് ഭരത്. തീര്‍ച്ചയായും, ബാറ്റിംഗ് ഒരു മേഖലയാണ്. എന്നാല്‍ എ ലെവലില്‍ സെഞ്ചുറി നേടിയാണ് അദ്ദേഹം ഈ നിലയിലെത്തിയതെന്ന് ഓര്‍ക്കണം. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ സെഞ്ചുറി നിങ്ങള്‍ ശ്രദ്ധിച്ചുകാണും. എന്നാല്‍ എങ്ങനെയോ ഈ രണ്ട് മത്സരത്തില്‍ അവന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.'' ദ്രാവിഡ് പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ക്ക് പന്തെടുത്ത് കൊടുത്താലും ഔട്ട്! വിചിത്രമായ രീതിയില്‍ പുറത്തായി ഇംഗ്ലണ്ട് താരം - വീഡിയോ

നേരത്തെ ഇഷാന്‍ കിഷന്റെ തിരിച്ചുവരവിനെ കുറിച്ച് ദ്രാവിഡ് സംസാരിച്ചിരുന്നു. പരിശീലകന്റെ വാക്കുകള്‍... ''ഞങ്ങള്‍ ആരെയും ഒന്നില്‍ നിന്നും ഒഴിവാക്കുന്നില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. അദ്ദേഹം ഒരു ഇടവേള ആവശ്യപ്പെട്ടു. ഒരു ഇടവേള നല്‍കിയതില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. വീണ്ടും ഇഷാന്‍ കിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മനസിലാവുന്ന രീതിയിയില്‍ നേരത്തെ ഇക്കാര്യം പറഞ്ഞതാണ്. അവന്‍ സ്ഥിരമായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവന്‍ എപ്പോഴാണ് തയ്യാറാവുന്നത്, അപ്പോള്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ചിട്ട് വേണം തിരിച്ചെത്താന്‍. തീരുമാനം അവന്റെതാണ്. ഞങ്ങള്‍ അവനെ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ല.'' ദ്രാവിഡ് പറഞ്ഞു.

ആന്‍ഡേഴ്‌സണെ ചേര്‍ത്തുപിടിച്ച് ജസ്പ്രിത് ബുമ്ര! വിക്കറ്റ് വേട്ടയ്ക്കിടയിലും വിനയം കൈവിടാതെ ഇന്ത്യന്‍ പേസര്‍

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിന് വേണ്ടി ഒരു മത്സരം പോലും കിഷന്‍ ഇതുവരെ കളിച്ചിട്ടില്ല. ഇതുവരെ അഞ്ച് മത്സരങ്ങളാണ് പൂര്‍ത്തിയായത്. ദ്രാവിഡിനെ നിര്‍ദേശം ഉള്‍ക്കൊള്ളാതെ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് കിഷന്‍ ചെയ്തത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനും അറിവൊന്നുമില്ല. കിഷനും ടീം മാനേജ്മെന്റും തമ്മില്‍ എതിര്‍ ചേരിയിലാണെന്ന വാദം ദ്രാവിഡ് നിഷേധിച്ചിരുന്നു.