കഴിഞ്ഞ ദിവസങ്ങള്‍ക്കിടെയാണ് കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയാണ് കോലിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
സെഞ്ചൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റ് സംഭവന ചെയ്തതില്‍ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോലി (Virat Kohli) എന്നുള്ളതില്‍ സംശയമൊന്നുമില്ല. അദ്ദേഹത്തിന്റെ റെക്കോഡുകള്‍ ഈ വാദത്തിന് അടിവരയിടുന്നു. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെയാണ് കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയാണ് കോലിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ആദ്യ ടെസ്റ്റ് നാളെ സെഞ്ചൂറിയനില്‍ തുടങ്ങാനിരിക്കെ കോലിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid). ബിസിസിഐ ടിവിയില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. ''എപ്പോഴും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോലി. കളിച്ച എല്ലായിടത്തും അദ്ദേഹം വിജയിയായി. കോലി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഞാന്‍ ടീമിലുണ്ടായിരുന്നു. കോലിക്കൊപ്പം ബാറ്റ് ചെയ്യാനും എനിക്കായി. 10 വര്‍ഷങ്ങള്‍ക്ക് ശേഷം കോലി നേടിയ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹത്തിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ ഒരു ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ടീം ഇന്ത്യയെ ഉന്നതിയിലേക്ക് നയിച്ചു. അതോടൊപ്പം ക്രിക്കറ്റില്‍ നേടിയതിനെയെല്ലാം അവിസ്മരണീയമായിട്ടാണ് തോന്നുന്നത്. ഇന്ത്യന്‍ ടീമില്‍ ഒരു ഫിറ്റ്‌നെസ് സംസ്‌കാരം കൊണ്ടുവരുന്നതില്‍ കോലിക്ക് വലിയ പങ്കുണ്ട്. സഹതാരങ്ങളില്‍ ഊര്‍ജവും ആത്മവിശ്വാസവും വളര്‍ത്തുന്നില്‍ കോലി വലിയ പങ്കുവഹിച്ചു. ആശ്ചര്യമാണ് പുറത്തുനിന്ന് നോക്കുമ്പോള്‍ തോന്നുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഞാനിപ്പോഴാണ് സീനിയര്‍ ടീമിന്റെ ഭാഗമാകുന്നത്. വരും ദിവസങ്ങളില്‍ അദ്ദേഹത്തെ പിന്തുണക്കാവുന്നതിലും സമയം ചെലവിടാനാകുന്നതിലും ഏറെ സന്തോഷമുണ്ട്.'' മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ദ്രാവിഡ് പറഞ്ഞു.
നേരത്തെ, പ്രഥമ ഐപിഎല്ലില്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കോലി അരങ്ങേറിയിരുന്നു. ദ്രാവിഡ് സ്ഥിരം പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ പരമ്പരയാണിത്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. ശേഷം മൂന്ന് ഏകദിനങ്ങളുമുണ്ട്.
