ബംഗലൂരു: ജൂനിയര്‍ ക്രിക്കറ്റില്‍ രണ്ട് മാസത്തിനിടെ രണ്ടാം ഡബിള്‍ സെഞ്ചുറി നേടി മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. 14 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള ബിടിആര്‍ ഷീല്‍ഡ് മത്സരത്തില്‍ ശ്രീ കുമരന്‍ സ്കൂളിനെതിരെ മല്യ അതിഥി ഇന്റര്‍നാഷണല്‍ സ്കൂളിനായാണ് സമിത് ഡബിള്‍ സെഞ്ചുറി തികച്ചത്.

 33 ബൗണ്ടറികള്‍ സഹിതം 204 റണ്‍സെടുത്ത സമിത്തിന്റെ ബാറ്റിംഗ് മികവില്‍ മല്യ സ്കൂള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ കുമരന്‍ സ്കൂളിനെ 110 റണ്‍സിന് പുറത്താക്കിയപ്പോള്‍ ബൗളിംഗില്‍ രണ്ട് വിക്കറ്റെടുത്തും സമിത് തിളങ്ങി.

Also Read: ഇതിലും വലിയൊരു പിറന്നാള്‍ സമ്മാനം ദ്രാവിഡിന് കിട്ടാനില്ല; അതും മകന്‍ സമിത്തില്‍ നിന്ന്

ഡിസംബറില്‍ 14 വയസില്‍ താഴെയുള്ളവരുടെ സംസ്ഥാന തല മത്സരത്തില്‍ വൈസ് പ്രസിഡന്റ് ഇലവനായി ബാറ്റിംഗിനിറങ്ങിയ സമിത് ഡബിള്‍ സെഞ്ചുറി(201)നേടിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 94 റണ്‍സും മൂന്ന് വിക്കറ്റും സമിത് അന്ന് നേടിയിരുന്നു.