ഐപിഎല്‍ ട്രേഡ് ചര്‍ച്ചകള്‍ക്കിടെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് എന്ന അഭ്യൂഹം ശക്തമാകുന്നു. സഞ്ജുവിന്റെ സുഹൃത്ത് രാജമണി പ്രഭു സിഎസ്‌കെ ലോഗോ സൂചനയായി ചിത്രം പങ്കുവെച്ചതും, ആര്‍ അശ്വിന്‍ പഴയ വീഡിയോ പുറത്തുവിട്ടതുമാണ് ചര്‍ച്ചകള്‍ക്ക് കാരണം.
ചെന്നൈ: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ താരത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സഞ്ജുവിന്റെ സുഹൃത്തും ഫിറ്റ്‌നെസ് ട്രെയ്‌നറുമായ രാജമണി പ്രഭു. ഒരു സമയത്ത് റോയല്‍സിന്റെ ഫിറ്റ്‌നെസ് ട്രെയ്‌നറായിരുന്നു രാജമണി. സഞ്ജുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹത്തെ പലപ്പോഴും താരത്തിനൊപ്പം തന്നെ കാണാമായിരുന്നു. അടുത്തിടെ കേരള ക്രിക്കറ്റ് ടീമിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ സഞ്ജുവിന്റെ ഇടപെടലുണ്ടെന്നാണ് ക്രിക്കറ്റ് ലോകവും വിശ്വസിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി സഞ്ജുവാണ് ക്രിക്കറ്റ് ലോകത്തെ വാര്‍ത്തകളില്‍. ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജുവിനെ വിട്ടുകിട്ടണമെങ്കില്‍ പകരം റോയല്‍സ് ചെന്നൈയുടെ വിശ്വസ്ത താരമായ രവീന്ദ്ര ജഡേജയൊണ് ആവശ്യപ്പെട്ടത്. ഇരുവര്‍ക്കും 18 കോടിയാണ് പ്രതിഫലം. ഇതിനിടെയാണ് സഞ്ജുവിനൊപ്പമുള്ള ഫോട്ടോ രാജമണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സിഎസ്‌കെയുടെ ലോഗോയായ സിംഹത്തിന്റെ തല ക്യാപ്ഷനായും അദ്ദേഹം നല്‍കിയിട്ടുണ്ട്. പോസ്റ്റ് കാണാം...
രാജമണി മാത്രമല്ല, മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനും സഞ്ജുവിനൊപ്പമുള്ള വീഡിയോ ദൃശ്യം പങ്കുവച്ചു. മുമ്പ് സഞ്ജുവിനൊപ്പം നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യമാണ് അശ്വിന്‍ പങ്കുവച്ചത്. അതില്‍ സഞ്ജു ചെന്നൈയില്‍ വരുന്നതിനെ കുറിച്ച് പറയുന്നുമുണ്ട്. വീഡിയോ കാണാം...
പ്രഥമ ഐപില്‍ കിരീടം നേടിയ റോയല്‍സ് ടീമില്‍ അംഗമായിരുന്നു ജഡേജ. ഒരു വര്‍ഷം കൂടി അവിടെ തുടര്‍ന്നു. തൊട്ടടുത്ത സീസണില്‍ റോയല്‍സ് ടീം അധികൃതരെ അറിയിക്കാതെ ജഡേജ, മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. കരാര്‍ ലംഘനം നടത്തിയ താരത്തിനെതിരെ റോയല്‍സ് ബിസിസിഐ സമീപിച്ചു. ബിസിസിഐ, ജഡേജയ്ക്ക് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിലെത്തി ജഡേജ. പിന്നീടായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സിയില്‍ കളിക്കുന്നത്. 2012 മുതല്‍ ചെന്നൈയുടെ താരമാണ് ജഡേജ. ഇതിനിടെ സിഎസ്കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിനും കളിച്ചു. 36കാരനായ ജഡേജ അടുത്തിടെ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.



