തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയുമായി യശസ്വി ജയ്സ്വാള്‍ ഫോമിലേക്ക് മടങ്ങിയെത്തിയതും നിതീഷ് റാണയുടെ മിന്നും ഫോമും രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും റിയാന്‍ പരാഗിന്‍റെയും മധ്യനിരയുടെയും അസ്ഥിരത തലവേദനയാണ്.

ലക്നൗ: ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് നാളെ ജീവന്‍മരണപ്പോരാട്ടം. പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള റിഷഭ് പന്തിന്‍റെ ലക്നൗ സൂപ്പര്‍ ജയന്‍റ്സാണ് ജയ്പൂരിലെ സവായ്മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍റെ എതിരാളികള്‍. വൈകിട്ട് 7.30നാണ് മത്സരം.

സീസണിലെ ആദ്യ ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും മാത്രമാണ് രാജസ്ഥാന് പിന്നിലുള്ളവര്‍. കഴിഞ്ഞ സീസണില്‍ ആദ്യ ഏഴ് കളികളില്‍ ആറിലും ജയിച്ച രാജസ്ഥാന്‍ ഇത്തവണ ആദ്യ ഏഴ് കളികളില്‍ അഞ്ചിലും തോറ്റു. അവശേഷിക്കുന്ന ഏഴ് കളികളും ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം. ഇനിയുള്ള ഓരോ തോല്‍വിയും പ്ലേ ഓഫ് സ്ഥാനം അകലെയാക്കുമെന്നതിനാല്‍ ഇനിയൊരു തോല്‍വിയെക്കുറിച്ച് ചിന്തിക്കാന്‍ രാജസ്ഥാനാവില്ല. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങലില്‍ തോറ്റിറങ്ങുന്ന രാജസ്ഥാന് നാളെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളിക്കാനിറങ്ങുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടായ സഞ്ജു പിന്നീട് സൂപ്പര്‍ ഓവറിലും ബാറ്റിംഗിനിറങ്ങിയിരുന്നില്ല. സഞ്ജു കളിച്ചില്ലെങ്കില്‍ റിയാന്‍ പരാഗ് ആകും രാജസ്ഥാനെ നയിക്കുക.

അവന്‍ വിരമിക്കേണ്ട സമയം കഴിഞ്ഞു, രോഹിത് ശര്‍മയെക്കുറിച്ച് വീരേന്ദർ സെവാഗ്

തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയുമായി യശസ്വി ജയ്സ്വാള്‍ ഫോമിലേക്ക് മടങ്ങിയെത്തിയതും നിതീഷ് റാണയുടെ മിന്നും ഫോമും രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും റിയാന്‍ പരാഗിന്‍റെയും മധ്യനിരയുടെയും അസ്ഥിരത തലവേദനയാണ്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 66 റണ്‍സടിച്ചശേഷം സഞ്ജുവില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് ഇനിയും വന്നിട്ടില്ല. യശസ്വി അര്‍ധസെഞ്ചുറികൾ നേടിയെങ്കിലും പഴയ വെടിക്കെട്ട് ആവര്‍ത്തിക്കുന്നില്ല. പരിക്കുമാറി തിരിച്ചെത്തുന്ന അതിവേഗ പേസര്‍ മായങ്ക് യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, ദിഗ്‌വേഷ് റാത്തി, രവി ബിഷ്ണോയ് എന്നിവരടങ്ങുന്ന ലക്നൗ ബൗളിംഗ് നിരക്ക് രാജസ്ഥാന് തലവേദന സൃഷ്ടിക്കാന്‍ കെല്‍പ്പുണ്ട്.

ഇനിയെങ്കിലും അടിച്ചു തകർക്കണം, ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരത്തെ ടീമിലെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ബൗളിംഗിന്‍റെ കാര്യമെടുത്താല്‍ ജോഫ്ര ആര്‍ച്ചര്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും സന്ദീപ് ശര്‍മയൊഴികെയുള്ള ബൗളര്‍മാര്‍ക്കൊന്നും റണ്‍നിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ആര്‍ച്ചറും പലപ്പോഴും റണ്‍ വഴങ്ങുന്നത് തിരിച്ചടിയാണ്. അതേസമയം അവസാന മത്സരത്തില്‍ ചെന്നൈയോട് തോറ്റെങ്കിലും ഏഴ് കളകളില്‍ നാലു ജയം നേടിയ ലക്നൗ രാജസ്ഥാനെക്കാള്‍ മികച്ച നിലയിലാണ്. നിക്കോളാസ് പുരാനും മിച്ചല്‍ മാര്‍ഷും നടത്തുന്ന വെടിക്കെട്ട് തടയാനായില്ലെങ്കില്‍ നാളെ ഹോം ഗ്രൗണ്ടിലും രാജസ്ഥാന് തലകുനിക്കേണ്ടിവരും. ഏയ്ഡന്‍ മാര്‍ക്രം ഫോമിലാണെങ്കിലും ഡേവിഡ് മില്ലറുടെ പ്രകടനം മാത്രമാണ് ലക്നൗവിനെ ആശങ്കപ്പെടുത്തുന്ന കാര്യം. കളിച്ച ഏഴ് കളികളില്‍ മൂന്നിലും 200 റണ്‍സിലേറെ സ്കോര്‍ ചെയ്ത ലക്നൗ ബാക്കി മത്സരങ്ങളില്‍ 160 റണ്‍സിലേറെ നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക