കഴിഞ്ഞ മത്സരത്തില്‍ വിരലിനേറ്റ പരിക്ക് അവഗണിച്ച് പന്തെറിഞ്ഞ് സന്ദീപ് ക്വാട്ട പൂര്‍ത്തിയാക്കുകയും ഏവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു
ജയ്‌പൂര്‍: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഉഴലുന്നതിനിടെ രാജസ്ഥാന്‍ റോയല്‍സിന് അടുത്ത പ്രഹരം. കൈവിരലിന് പൊട്ടലേറ്റ മീഡിയം പേസര്‍ സന്ദീപ് ശര്‍മ്മയ്ക്ക് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ടീം അറിയിച്ചു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്‍റെ കഴിഞ്ഞ മത്സരത്തില്‍ വിരലിനേറ്റ പരിക്ക് അവഗണിച്ച് പന്തെറിഞ്ഞ് സന്ദീപ് ക്വാട്ട പൂര്‍ത്തിയാക്കുകയും ഏവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു. ബാന്‍ഡേജ് ഇട്ട കൈയുമായി ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍സ് ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സന്ദീപ് ശര്‍മ്മ ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. സ്ക്വാഡിനൊപ്പം സന്ദീപ് ശര്‍മ്മ സ്റ്റേഡിയത്തിലെത്തുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് എക്‌സില്‍ പങ്കുവെച്ചു. പരിക്കില്‍ നിന്ന് വേഗം സുഖംപ്രാപിക്കാന്‍ സന്ദീപിന് രാജസ്ഥാന്‍ റോയല്‍സ് എക്സിലൂടെ ആശംസകളും കൈമാറി. അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി സന്ദീപിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്‍റ്. ഉടന്‍ തന്നെ പകരക്കാരന്‍റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ഐപിഎല്‍ പതിനെട്ടാം സീസണില്‍ 10 മത്സരങ്ങളില്‍ സന്ദീപ് ശര്‍മ്മ 9.89 ഇക്കോണമിയില്‍ 9 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 22 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച ബൗളിംഗ് പ്രകടനം. 137 ഐപിഎല്‍ മത്സരങ്ങളില്‍ 8.03 ഇക്കോണമിയില്‍ 146 വിക്കറ്റ് സന്ദീപ് ശര്‍മ്മയ്ക്കുണ്ട്.


