കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായുള്ള പ്രദർശന മത്സരത്തിൽ സഞ്ജു സാംസണിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ വീഡിയോ പങ്കുവച്ച് രാജസ്ഥാൻ റോയൽസ്.

ജയ്പൂര്‍: ഐപിഎല്ലില്‍ ടീം മാറ്റ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടന്ന പ്രദര്‍ശന മത്സരത്തില്‍ ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ വീഡിയോ പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്. രജനീകാന്ത് ആരാധകന്‍ കൂടിയായ സഞ്ജുവിന്‍റെ ബാറ്റിംഗ് വീഡിയോക്ക് പശ്ചാത്തലമായി രജനിയുടെ പുതിയ സിനിയ കൂലിയിലെ സൂപ്പര്‍ ഹിറ്റ് ഗാനവും രാജസ്ഥാന്‍ ചേര്‍ത്തിട്ടുണ്ട്. പവര്‍ഹൗസ് എന്ന അടിക്കുറിപ്പോടെയാണ് രാജസ്ഥാന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.

അതേസമയം, രാജസ്ഥാന്‍ പങ്കുവെച്ച വീഡിയോക്ക് താഴെ കമന്‍റുകളുമായി മലയാളി ആരാധകരും രംഗത്തെത്തി. മക്കളെ നമ്മുടെ ചെക്കൻ അവിടെ ഉള്ളത് കൊണ്ട് ആണ് ഞങ്ങൾ രാജസ്ഥാന്‍റെ ഫാൻസ്‌ ആയി ഇപ്പോഴും കൂടെ നിൽക്കുന്നതെന്നും ചെക്കൻ എപ്പോ ചാടുന്നുവോ അപ്പോ ഞങ്ങളും കൂടെ ചാടും, മാമനോടൊന്നും തോന്നരുതേ എന്നായിരുന്നു വീഡിയോക്ക് താഴെ വന്ന രസകരമായൊരു കമന്‍റ്. രാജസ്ഥാന്‍ റോയല്‍സിന് ഇപ്പോള്‍ 52 ലക്ഷം ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലുള്ളതെന്നും സഞ്ജു ടീം വിട്ടാല്‍ ഇതില്‍ 20 ലക്ഷം പേരും കൂടെ പോകുമെന്നും മറ്റൊരു ആരാധകന്‍ കുറിച്ചു.

ഇന്നലെ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി നടന്ന പ്രദർശന മത്സരത്തിൽ സഞ്ജു സാംസൺ നയിച്ച കെസിഎ സെക്രട്ടറി ഇലവൻ ആവേശ ജയം സ്വന്തമാക്കിയിരുന്നു. അവസാന ഓവർ വരെ നീണ്ട അവേശകരമായ മത്സരത്തിൽ സച്ചിൻ ബേബി നയിച്ച കെ.സി.എ. പ്രസിഡന്‍റ് ഇലവനെ ഒരുവിക്കറ്റിനാണ് തകർത്തത്. 36 പന്തിൽ 54 റൺസെടുത്ത സഞ്ജു കിടിലൻ ക്യാച്ചുമായും തിളങ്ങിയിരുന്നു.

View post on Instagram

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ആഗ്രഹം സഞ്ജു ടീം മാനേജ്മെന്‍റിനെ ഔദ്യോഗികമായി അറിയിച്ചുവെന്ന് കഴിഞ്ഞ ദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറാനായിരുന്നു സഞ്ജു ആഗ്രഹിച്ചതെങ്കിലും സഞ്ജുവിന് പകരം ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെയോ രവീന്ദ്ര ജഡേജയെയോ നല്‍കണമെന്ന രാജസ്ഥാന്‍റെ ആവശ്യം ചെന്നൈ നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെന്നൈക്ക് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക