കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്ന് കോലിപ്പട. സീനിയര്‍ താരം എം എസ് ധോണിയാണ് സഹതാരങ്ങള്‍ക്ക് പ്രത്യേക തൊപ്പി കൈമാറിയത്. മത്സരത്തിലെ മാച്ച് ഫീ ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക്. 

റാഞ്ചി: റാഞ്ചി ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങളിറങ്ങുന്നത് പ്രത്യേക തൊപ്പി ധരിച്ച്. വീര ജവാന്‍മാര്‍ക്കുള്ള ആദരമായിട്ടാണ് ഇന്ത്യന്‍ ടീം പ്രത്യേക ക്യാപ് ധരിച്ച് ഓസ്‌ട്രേലിയയെ നേരിടുന്നത്. റാഞ്ചിക്കാരന്‍ കൂടിയായ വെറ്ററന്‍ താരം എം എസ് ധോണിയാണ് സഹതാരങ്ങള്‍ക്ക് ക്യാപ് സമ്മാനിച്ചത്. മത്സരത്തില്‍ നിന്ന് ലഭിക്കുന്ന മാച്ച് ഫീ താരങ്ങള്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കും. 

ജവാന്‍മാരുടെ കുടംബങ്ങള്‍ക്കൊപ്പം രാജ്യത്തെ എല്ലാവരും നിലകൊള്ളണമെന്ന് നായകന്‍ വിരാട് കോലി ടോസ് വേളയില്‍ ആവശ്യപ്പെട്ടു. റാഞ്ചി ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞടുത്തു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.