ക്വാർട്ടർ ഫൈനലിൽ കേരളം നാടകീയമായി ജമ്മു കശ്മീരിനെ മറികടന്നപ്പോൾ, ഗുജറാത്ത് ഇന്നിംഗ്സിനും 98 റൺസിനും സൗരാഷ്ട്രയെ തകർത്തു.

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങുന്നു. സെമി ഫൈനലിൽ ഗുജറാത്താണ് എതിരാളികൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ ഒൻപതരയ്ക്കാണ് മത്സരം തുടങ്ങുക. ജിയോഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാനാകും. ഒരു റണ്ണിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിൽ സെമിഫൈനൽ ടിക്കറ്റെടുത്ത കേരളത്തിന് ഒറ്റലക്ഷ്യമേ മുന്നിലുള്ളു. ചരിത്രത്തിലെ ആദ്യ ര‍ഞ്ജി ട്രോഫി ഫൈനൽ. 2017ന് ശേഷം ആദ്യ ഫൈനൽ ലക്ഷ്യമിടുന്ന ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ മറികടക്കുകയെന്ന വലിയ വെല്ലുവിളിയാണ് സച്ചിൻ ബേബിക്കും സംഘത്തിനും മുന്നിലുള്ളത്.

ക്വാർട്ടർ ഫൈനലിൽ കേരളം നാടകീയമായി ജമ്മു കശ്മീരിനെ മറികടന്നപ്പോൾ, ഗുജറാത്ത് ഇന്നിംഗ്സിനും 98 റൺസിനും സൗരാഷ്ട്രയെ തകർത്തു. ജമ്മു കശ്മീരിനെതിരെ ആദ്യ ഇന്നിംഗ്സിൽ 200 റൺസിനിടെ ഒൻപത് വിക്കറ്റ് നഷ്ടമായിട്ടും കേരളത്തെ രക്ഷിച്ചത് സൽമാൻ നിസാറിന്‍റെയും ബേസിൽ തമ്പിയുടേയും അസാധാരണ പോരാട്ടമായിരുന്നു. രണ്ടാം ഇന്നിംഗ്സിലും കേരളം നടത്തിയത് കരളുറപ്പോടെയുള്ള ചെറുത്തു നിൽപ്. രണ്ട് ഇന്നിംഗ്സിലായി പത്ത് വിക്കറ്റ് വീഴ്ത്തിയ എംഡി നിധീഷിന്‍റെ പേസ് കരുത്തും നിർണായകമായി.

ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്പ് രോഹിത്തിന്‍റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ

ഗുജറാത്തിനെതിരെ ഇറങ്ങുമ്പോൾ ടോപ് ഓർഡർ ബാറ്റർമാരിൽ നിന്ന് കേരളം കൂടുതൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്കൊപ്പം രോഹൻ കുന്നുമ്മലും, ഷോൺ റോജറും ക്യാപ്റ്റൻ സച്ചിൻ ബേബിയും റൺകണ്ടെത്തണം. അതിഥി താരങ്ങളായ ജലജ് സക്സേനയുടേയും ആദിത്യ സർവേതേയുടെയും ഓൾറൗണ്ട് മികവും കരുത്താവും.

ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയ് ആയിരിക്കും ഗുജറാത്ത് നിരയിൽ കേരളത്തിന് കൂടുതൽ വെല്ലുവിളി ഉയർത്തുക. പ്രിയങ്ക് പഞ്ചാൽ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ, ക്യാപ്റ്റൻ ചിന്തൻ ഗാജ എന്നിവരേയും കരുതിയിരിക്കണം. 2019ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയിൽ എത്തിയത് ഗുജറാത്തിനെ തോൽപിച്ചായിരുന്നു. അന്നത്തെ ആറ് താരങ്ങൾ ഇപ്പോഴും ടീമിലുണ്ട്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ മറ്റൊരു സെമിയിൽ വിദർഭയുമായി ഏറ്റുമുട്ടും. വിദര്‍ഭയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക