ടോസിലെ നിര്‍ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ ജമ്മു കശ്മീരിന് ഓപ്പണര്‍മാരായ ശുഭം ഖജൂരിയയും യാവര്‍ ഹസനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി.

പൂനെ:രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ജമ്മു കശ്മീരിന് ഭേദപ്പെട്ട തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച.കേരളത്തിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ജമ്മു കശ്മീര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സോടെ ക്യാപ്റ്റന്‍ പരസ് ദോഗ്രയും ആറ് റണ്‍സുമായി കനയ്യ വാധ്‌വാനും ക്രീസില്‍. ഓപ്പണര്‍ ശുഭം ഖജൂരിയയുടെയും(14), വിവ്രാന്ത് ശര്‍മയുടെയും(8), യാവ‍ർ ഹസന്‍റെയും(24) വിക്കറ്റുകളാണ് ജമ്മു കശ്മീരിന് ആദ്യ സെഷനില്‍ നഷ്ടമായത്. കേരളത്തിനായി നിധീഷ് എം ഡി മൂന്നു വിക്കറ്റും വീഴ്ത്തി.

ടോസിലെ നിര്‍ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ ജമ്മു കശ്മീരിന് ഓപ്പണര്‍മാരായ ശുഭം ഖജൂരിയയും യാവര്‍ ഹസനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ഖജൂരിയയെ(14) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ച നിധീഷ് എം ഡി കേരത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. മൂന്നാം നമ്പറിലിറങ്ങിയ വിവ്രാന്ത് ശര്‍മക്കും ക്രീസില്‍ അധികം പിടിച്ചു നില്‍ക്കാനായില്ല.

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍: ഹരിയാനക്കെതിരെ തകര്‍ന്നടിഞ്ഞ് മുംബൈ; സൂര്യകുമാര്‍ യാദവിന് വീണ്ടും നിരാശ

ടീം സ്കോര്‍ 41ല്‍ നില്‍ക്കെ വിവ്രാന്തിനെ(8) നിധീഷ് വിക്കറ്റിന് പിന്നില്‍ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലേക്ക് വിട്ടു. ക്യാപ്റ്റന്‍ പരസ് ദോഗ്രയും യാവര്‍ ഹസനും ചേര്‍ന്ന് ജമ്മു കശ്മീരിനെ 50 കടത്തിയെങ്കിലും നിലയുറപ്പിച്ചെന്ന് കരുതിയ യാവര്‍ ഹസനെ(24) നിധീഷ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ജമ്മു കശ്മര്‍ പതറി.

കേരളത്തിനായി നിധീഷ് 11 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. എന്‍ പി ബേസില്‍ 10 ഓവറും ബേസില്‍ തമ്പി അഞ്ചോവറും എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി (സി), മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, ഷോൺ റോജർ, ആദിത്യ സർവതെ, ബേസിൽ തമ്പി, എം ഡി നിധീഷ്, നെടുമൺകുഴി ബേസിൽ, ജലജ് സക്സേന.

ജമ്മു കശ്മീർ പ്ലേയിംഗ് ഇലവൻ: ശുഭം ഖജൂരിയ, യാവർ ഹസ്സൻ, വിവ്രാന്ത് ശർമ, പരസ് ദോഗ്ര (സി), കനയ്യ വാധവാൻ, സാഹിൽ ലോത്ര, ലോൺ നസീർ മുസാഫർ, യുധ്വീർ സിംഗ് ചരക്, ആബിദ് മുഷ്താഖ്, ഔഖിബ് നബി ദാർ, ഉമർ നസീർ മിർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക