രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈക്ക് ഹരിയാനക്കെതിരെ ബാറ്റിംഗ് തകര്‍ച്ച. സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവര്‍ക്കും തിളങ്ങാനായില്ല.

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈയ്ക്ക് ഹരിയാനക്കെതിരെ ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. ഷംസ് മുലാനിയും ഷാര്‍ദ്ദുല്‍ താക്കൂറുമാണ് ക്രീസിലുള്ളത്.

ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ മുംബൈ ഓപ്പണര്‍ ആയുഷ് മാത്രെ(0) അന്‍ഷുല്‍ കാംബോജ് ബൗള്‍ഡാക്കി. ആകാശ് ആകനന്ദ്(10), സിദ്ദേശ് ലാഡ്(4), ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(31), സൂര്യകുമാര്‍ യാദവ്(9), ശിവം ദുബെ(28) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ സൂര്യകുമാര്‍ യാദവിന് രഞ്ജി ട്രോഫിയിലും തിളങ്ങാനായില്ല. അഞ്ച് പന്ത് നേരിട്ട സൂര്യകുമാര്‍ യാദവ് രണ്ട് ബൗണ്ടറികള്‍ നേടിയെങ്കിലും ഒമ്പത് റണ്‍സെടുത്ത് സുമിത് കുമാറിന്‍റെ പന്തില്‍ ബൗള്‍ഡായി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ശിവം ദുബെയാകട്ടെ 32 പന്തിൽ നാലു ഫോറും ഒരു സിക്സും പറത്തി 28 റണ്‍സടിച്ചെങ്കിലും അജിത് ചാഹലിന്‍റെ പന്തില്‍ യാഷ്‌വര്‍ധന്‍ ദലാലിന് ക്യാച്ച് നല്‍കി മടങ്ങി.

'നിങ്ങള്‍ അസ്വസ്ഥനായിട്ട് കാര്യമില്ല, ആളുകള്‍ ചോദ്യം തുടർന്നുകൊണ്ടേയിരിക്കും', രോഹിത്തിനോട് അശ്വിന്‍

ഗ്രൂപ്പ് മത്സരങ്ങളിലും മുംബൈ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ടപ്പോഴെല്ലാം രക്ഷകരായ ഷാര്‍ദ്ദുല്‍ താക്കൂറടക്കമുള്ള വാലറ്റത്തിലാണ് ഇനി മുംബൈയുടെ പ്രതീക്ഷ. ഹരിയാനക്കായി അന്‍ഷുല്‍ കാംബോജ് 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സുമിത് കുമാര്‍ രണ്ട് വിക്കറ്റെടുത്തു.

മറ്റ് ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ തമിഴ്നാടിനെതിരെ വിദര്‍ഭയും ബാറ്റിംഗ് തകര്‍ച്ചയിലാണ്. തമിഴ്ടാനാടിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിദര്‍ഭ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്. 40 റണ്‍സുമായി ഡാനിഷ് മലേവാറും 13 രണ്‍സോടെ കരുണ്‍ നായരും ക്രീസിലുണ്ട്. അഥര്‍വ ടൈഡെ(0), ധ്രുവ് ഷോറെ(26), എ എസ് താക്കറെ(5) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭക്ക് നഷ്ടമായത്.

മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ സൗരാഷ്ട്ര ഭേദപ്പെട്ട നിലയിലാണ്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സൗരാഷ്ട്ര ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്തിട്ടുണ്ട്. 44 റണ്‍സോടെ ചിരാഗ് ജാനിയും ഒരു റണ്ണുമായി ഷെല്‍ഡണ്‍ ജാക്സണും ക്രീസില്‍. ഹര്‍വിക് ദേശായി(22), ചേതേശ്വര്‍ പൂജാര(26) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രക്ക് നഷ്ടമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക