അക്ഷയ് വാഡ്കറുടെ നേതൃത്വത്തിലിറങ്ങുന്ന വിദര്‍ഭ ടീമും സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരളവും ടൂര്‍ണമെന്‍റില്‍ ഇതുവരെ പരാജയമറിയാതെയാണ് ഫൈനലിലെത്തിയത്.
നാഗ്പൂര്‍: വിദര്‍ഭക്കെതിരെ നാളെ തുടങ്ങുന്ന രഞ്ജി ട്രോഫി ഫൈനലിന് വേദിയാവുന്നത് വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ ജാംതയിലെ വിസിഎ സ്റ്റേഡിയമാണെങ്കിലും ഈ ഗ്രൗണ്ടില്‍ കേരളത്തിനും സന്തോഷിക്കാന്‍ ഏറെയുണ്ട്. ഈ വേദിയില്‍ 2003നുശേഷം കളിച്ച ഒരു മത്സരത്തില്‍ പോലും കേരളം തോറ്റിട്ടില്ലെന്നതാണ് വിസിഎ സ്റ്റേഡിയത്തെ കേരളത്തിന്‍റെയും ഹോം ഗ്രൗണ്ടാക്കുന്നത്.
2003നുശേഷം ഈ ഗ്രൗണ്ടില്‍ മത്സരിച്ച നാലു കളികളില്‍ രണ്ടെണ്ണം കേരളം ജയിച്ചപ്പോൾ ഒരു കളി സമനിലയായി. രണ്ട് മത്സരങ്ങളില്‍ നേടിയ ഒന്നാം ഇന്നിംഗ്സ് ലീഡ് മാത്രമാണ് വിദര്‍ഭക്ക് ഈ ഗ്രൗണ്ടില്‍ കേരളത്തിനെതിരെ എടുത്തു പറയാനുള്ളത്. 2002ലും 2007ലുമായിരുന്നു വിദര്‍ഭയുടെ ഹോം ഗ്രൗണ്ടില്‍ കേരളം വിജയക്കൊടി പാറിച്ചത്. 2002ല്‍ അനന്തപദ്മനാഭന്‍റെയും ശ്രീശാന്തിന്‍റെയും ബൗളിംഗ് മികവിലാണ് കേരളം എട്ട് വിക്കറ്റിന്‍റെ വിജയം നേിയത്.
2007ല്‍ ഓഫ് സ്പിന്നര്‍ എസ് അനീഷിന്‍റെ ഒമ്പത് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് 150 റണ്‍സിന്‍റെ കൂറ്റന്‍ജയമൊരുക്കിയത്. എന്നാല്‍ അന്നത്തെ വിദര്‍ഭയെക്കാള്‍ കരുത്തരാണ് ഇപ്പോഴത്തെ വിദര്‍ഭ ടീം. കേരളവും കരുത്തില്‍ ഒട്ടും പിന്നിലല്ല. 2020ലാണ് ഈ ഗ്രൗണ്ടില്‍ അവസാനം ഇരു ടീമും ഏറ്റുമുട്ടിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ ആദ്യ ഇന്നിംഗ്സില്‍ 326 റണ്‍സിന് പുറത്തായപ്പോള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയത് ഇപ്പോഴത്തെ ടീമില്‍ മിന്നും ഫോമിലുള്ള പേസര്‍ എം ഡി നിധീഷായിരുന്നു. എന്‍ പി ബേസില്‍ മൂന്ന് വിക്കറ്റ് എടുത്തു. ബേസിലും ഫൈനലിനുള്ള കേരള ടീമിലുണ്ട്. മഴ മൂലം തടസപ്പെട്ട മത്സരം കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 191-3ല്‍ നില്‍ക്കെ സമനിലയായി. വിദര്‍ഭ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുകയും ചെയ്തു. 2011ല്‍ ഇവിടെ പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിദര്‍ഭ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടുണ്ട്.
ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വി, പാക് ക്രിക്കറ്റില്‍ പൊട്ടിത്തറി, പരിശീലക സംഘം പുറത്തേക്ക്
ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ എട്ച് മത്സരങ്ങളില്‍ കേരളവും വിദര്‍ഭയും രണ്ട് വീതം ജയങ്ങള്‍ നേടിയപ്പോള്‍ നാലു മത്സരങ്ങള്‍ സമനിലയായി. 2017ല്‍ സൂററ്റില്‍ കേരളത്തിനതിരെ വിദര്‍ഭ നേടിയ 412 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് റണ്‍സുകളുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം. അക്ഷയ് വാഡ്കറുടെ നേതൃത്വത്തിലിറങ്ങുന്ന വിദര്‍ഭ ടീമും സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരളവും ടൂര്‍ണമെന്‍റില്‍ ഇതുവരെ പരാജയമറിയാതെയാണ് ഫൈനലിലെത്തിയത്. സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ 80 റണ്‍സിന് തകര്‍ത്തായിരുന്നു വിദര്‍ഭ രഞ്ജി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. കഴിഞ്ഞ വര്‍ഷം വിദര്‍ഭയെ തോല്‍പ്പിച്ചായിരുന്നു മുംബൈ രഞ്ജി ട്രോഫിയിലെ 42-ാം കിരീടം നേടിയത്. ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ നേടിയ ഒരു റണ്ണിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡും സെമിയില്‍ ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമാണ് കേരളത്തിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്.
