നേരത്തെ ഒന്നാം ദിവസത്തെ സ്‌കോറിനോട് 18 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. ഗോവക്കായി പന്തെറിഞ്ഞ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് നേടിയ ലക്ഷയ് ഗാര്‍ഗ് ആണ് കേരളത്തെ എറിഞ്ഞൊതുക്കാന്‍ നേതൃത്വം കൊടുത്തത്.
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗോവയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കേരളം 265ന് പുറത്ത്. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 265 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഗോവ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തിട്ടുണ്ട്. 76 റണ്‍സുമായി ഇഷാന്‍ ഗഡേക്കറും ക്യാപ്റ്റന്‍ ദര്‍ഷന്‍ മിസാലും(37) ആണ് ക്രീസില്‍. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഗോവക്ക് ഇനി 66 റണ്‍സ് കൂടി മതി. കേരളത്തിനായി ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് മൂന്ന് വിക്കറ്റെടുത്തു.
കേരളത്തെ 265 റണ്‍സില്‍ ഒതുക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ഗോവക്ക് ഓപ്പണര്‍മാരായ അമോഗ് ദേശായിയും(29)ഷാന്‍ ഗഡേക്കറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കമിട്ടു. ദേശായിയെ പുറത്താക്കി സിജോമോനാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കുന്നത്. പിന്നാലെ സുയാഷ് പ്രഭുദേശായി(3), സ്നേഹല്‍ കൗതങ്കാര്‍(7) എന്നിവര്‍ കൂടി പെട്ടെന്ന് മടങ്ങിയതോടെ ഗോവ തകരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഗഡേക്കറിനൊപ്പം എസ് ഡി ലാഡും(35), മിസാലും(37*) പൊരുതി നിന്നതോടെ ഗോവ കരകയറി.
നേരത്തെ ഒന്നാം ദിവസത്തെ സ്‌കോറിനോട് 18 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. ഗോവക്കായി പന്തെറിഞ്ഞ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് നേടിയ ലക്ഷയ് ഗാര്‍ഗ് ആണ് കേരളത്തെ എറിഞ്ഞൊതുക്കാന്‍ നേതൃത്വം കൊടുത്തത്.
രണ്ടാ ദിനം വെറും 5.3 മൂന്ന് ഓവറുകള്‍ക്കിടെയാണ് കേരളത്തിന് ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്. ആദ്യം മടങ്ങിയത് സെഞ്ചുറിക്കാരന്‍ രോഹന്‍ പ്രേം (112). തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാന്‍ രോഹന്‍ സാധിച്ചില്ല. തുടര്‍ന്നെത്തിയ ജലജ് സക്‌സേനയ്ക്ക് ഏഴ് പന്ത് മാത്രമായിരുന്നു ആയുസ്. 12 റണ്‍സെടുത്ത താരത്തെ ലക്ഷയ് പുറത്താക്കി. ബേസില്‍ തമ്പിയെ നേരിട്ട രണ്ടാം പന്തില്‍ തന്നെ അര്‍ജുന്‍ ബൗള്‍ഡാക്കി. വൈശാഖ് ചന്ദ്രന്‍ (0) ലക്ഷയുടെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങി. സിജോമോന്‍ ജോസഫിനെ (7) അര്‍ജുനും പുറത്താക്കിയതോടെ കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.
കേരളത്തിന്‍റെ നാലാം മത്സരമാണിത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവര്‍ക്കെതിരെ കേരളം ജയിച്ചിരുന്നു. എന്നാല്‍ രാജ്സ്ഥാനെതിരായ മത്സരം സമനിലയില്‍ അവാസനിച്ചു. പോയന്‍റ് പട്ടികയില്‍ ഒന്നാമതാണ് കേരളം മൂന്ന് മത്സരങ്ങളില്‍ 13 പോയിന്‍റാണ് കേരളത്തിന്. ഛത്തീസ്ഗഢ്, കര്‍ണാടക ടീമുകള്‍ക്കും 13 പോയിന്‍റ് വീതമുണ്ട്.
