കപില്‍ ദേവ്, വിനൂ മങ്കാദ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുളള ടീമില്‍ ഇടംപിടിച്ചതോടെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. മൂന്ന് വ്യത്യസ്ത വിദേശ പരമ്പരകളിലെ അഞ്ച് ടെസ്റ്റുകളിലും കളിക്കുകയും പത്തോ അതിലധികോ വിക്കറ്റ് നേടുകയും ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സിറാജ് സ്വന്തമാക്കിയത്. കപില്‍ ദേവും വിനൂ മങ്കാദുമാണ് സിറാജിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ നാല് ടെസ്റ്റില്‍ നിന്ന് സിറാജ് 14 വിക്കറ്റ് നേടിയിട്ടുണ്ട്.
ഒന്നാം ടെസ്റ്റില്‍ രണ്ട് വിക്കറ്റ് നേടിയ സിറാജ് രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ നാലും മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഒരു വിക്കറ്റുമാണ് സിറാജ് നേടിയത്. അതേസമയം ഓവലില്‍ ആരംഭിച്ച അവസാന ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. മഴയെ തുടര്‍ന്ന് 64 ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം പൂര്‍ത്തിയാക്കാനായത്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 204 എന്ന ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. കരുണ്‍ നായര്‍ (52), വാഷിംഗ്ടണ്‍ സുന്ദര്‍ (19) എന്നിവരാണ് ക്രീസില്‍. യശസ്വി ജയ്സ്വാള്‍ (2), കെ എല്‍ രാഹുല്‍ (14), ശുഭ്മാന്‍ ഗില്‍ (21), സായ് സുദര്‍ശന്‍ (38) എന്നീ മുന്‍നിര താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
രവീന്ദ്ര ജഡേജ (9), ധ്രുവ് ജൂറല്‍ (19) എന്നിവരുടെ വിക്കറ്റുകള്‍ കൂടി ഇന്ത്യക്ക് നഷ്ടമായിരുന്നു. നേരത്തെ, ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന്‍ ഒല്ലി പോപ്പ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാലാണ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. ഓവലില്‍ ടോസിന് മുമ്പ് വരെ മഴ പെയ്തിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് പരിക്കേറ്റതിനാല്‍ ഒല്ലി പോപ്പ് ആണ് ഇന്ന് ഇംഗ്ലണ്ടിനെ നയിക്കുന്നത്.
പേസര്‍ ജോഫ്ര ആര്‍ച്ചറും സ്പിന്നര്‍ ലിയാം ഡോസണും ബ്രെയ്ഡന്‍ കാര്‍സും ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലില്ല. ജോഷ് ടംഗും ജാമി ഓവര്‍ടണും ബെഥേലുമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തിയത്.

