അന്താരാഷ്ട്ര ടി20 വിക്കറ്റ് വേട്ടയില്‍ ലോക റെക്കോര്‍ഡിട്ട് അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍. 98 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റ് വീഴ്ത്തിയാണ് റാഷിദ് ഒന്നാമനായത്. 

ദുബായ്: ഏഷ്യാ കപ്പ് തുടങ്ങാന്‍ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അന്താരാഷ്ട്ര ടി20 വിക്കറ്റ് വേട്ടയില്‍ ലോക റെക്കോര്‍ഡിട്ട് അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍.പാകിസ്ഥാന്‍ കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്നലെ യുഎഇക്കെതിരെ നാലോവറില്‍ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തതോടെ റാഷിദ് അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 98 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റ് വീഴ്ത്തിയാണ് റാഷിദ് ഒന്നാമനായത്. 124 മത്സരങ്ങളില്‍ നിന്ന് 164 വിക്കറ്റെടുത്തിരുന്ന മുന്‍ ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയെ ആണ് റാഷിദ് മറികടന്നത്.

സിംബാബ്‌വെക്കെതിരെ 2015ല്‍ പതിനാറാം വയസിലാണ് റാഷിദ് ടി20യില്‍ അഫ്ഗാന്‍ കുപ്പായത്തില്‍ അരങ്ങേറിയത്. അഫ്ഗാന്‍ ജേഴ്സിയില്‍ 97 മത്സരങ്ങളില്‍ നിന്ന് 163 വിക്കറ്റും ഐസിസി വേള്‍ഡ് ഇലവനുവേണ്ടി ഒരു മത്സരത്തില്‍ നിന്ന് നേടിയ രണ്ട് വിക്കറ്റും ചേര്‍ത്താണ് 26കാരനായ റാഷിദ് 165 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ടി20 ക്രിക്കറ്റില്‍ റാഷിദ് ഖാന്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ളത് അയര്‍ലന്‍ഡിനെതിരെ ആണ്. 21 മത്സരങ്ങളില്‍ നിന്ന് 45 വിക്കറ്റുകളാണ് അയര്‍ലന്‍ഡിനെതിരെ റാഷിദ് നേടിയത്.18 മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റെടുത്തിട്ടുള്ള സിംബാബ്‌വെ ആണ് റാഷിദിന്‍റെ ഇരകളില്‍ രണ്ടാം സ്ഥാനത്തുള്ളത്. ബംഗ്ലാദേശിനെതിരെ 11 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ യുഎഇക്കെതിരെ 9 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റ് നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങള്‍ കളിച്ച റാഷിദ് മൂന്ന് വിക്കറ്റെടുത്തിട്ടുണ്ട്. ഒരു മത്സരത്തില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ വിക്കറ്റ് നേടാന്‍ റാഷിദിനായിരുന്നില്ല.

ഫ്രാഞ്ചൈസി ക്രിക്കറ്റിലുള്ള‍പ്പെടെ ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും റാഷിദ് ആണ്. കരിയറിലിതുവരെ 19 ടീമുകള്‍ക്കായി കളിച്ച റാഷിദ് 489 മത്സരങ്ങളില്‍ 664 വിക്കറ്റെടുത്തിട്ടുണ്ട്. 582 മത്സരങ്ങളില്‍ 631 വിക്കറ്റെടുത്തിട്ടുള്ള വിന്‍ഡീസ് മുൻ താരം ഡ്വയിന്‍ ബ്രാവോയും 561 മത്സരങ്ങളില്‍ 591 വിക്കറ്റെടുത്തിട്ടുള്ള സുനില്‍ നമരെയ്നുമാണ് റാഷിദിന് പിന്നിലുള്ളവര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക