ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ച ചില ഷോട്ടുകള്‍ ഇത്തരം സാഹചര്യങ്ങള്‍ക്ക് യോജിക്കാത്തതാണ്. സാഹചര്യങ്ങളെ അനുകൂലമാക്കാനും ആധിപത്യം നേടാനും കഴിയുമെന്ന അമിത ആത്മവിശ്വാസമായിരുന്നു അവരെ അത്തരം ഷോട്ടുകള്‍ കളിക്കാന്‍ പ്രേരിപ്പിച്ചത്.

ഇന്‍ഡോര്‍: ആദ്യ രണ്ട് ടെസ്റ്റുകള്‍ അനായാസം ജയിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങിയ ഇന്ത്യയെ ചതിച്ചത് അമിത ആത്മവിശ്വാസമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പിച്ചിനെ കുറ്റം പറയാമെങ്കിലും എങ്ങനെ കളിച്ചാലും ജയിക്കുമെന്ന ആത്മവിശ്വാസത്തിലിറങ്ങിയതാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായതെന്നും രവി ശാസ്ത്രി പറ‌ഞ്ഞു.

അമിത ആത്മവിശ്വാസത്തോടെ കളിക്കാനിറങ്ങിയാല്‍ ഇങ്ങനെ സംഭവിക്കും. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ച ചില ഷോട്ടുകള്‍ ഇത്തരം സാഹചര്യങ്ങള്‍ക്ക് യോജിക്കാത്തതാണ്. സാഹചര്യങ്ങളെ അനുകൂലമാക്കാനും ആധിപത്യം നേടാനും കഴിയുമെന്ന അമിത ആത്മവിശ്വാസമായിരുന്നു അവരെ അത്തരം ഷോട്ടുകള്‍ കളിക്കാന്‍ പ്രേരിപ്പിച്ചത്. ഒന്നോ രണ്ടോ ചുവടുകള്‍ പിന്നിലേക്ക് വെച്ച് ഇന്ത്യന്‍ ടീം കാര്യങ്ങള്‍ ഒന്നു കൂടി വിശകലനം ചെയ്യേണ്ടിയിരിക്കുന്നുവെന്നും ഇന്‍ഡോര്‍ ടെസ്റ്റിലെ കമന്‍ററിക്കിടെ രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ടെസ്റ്റ് അഞ്ച് ദിവസം നീളാറില്ലെന്ന് രോഹിത് ശര്‍മ

ഇന്ത്യന്‍ ടീമില്‍ വരുത്തിയ മാറ്റങ്ങളും സ്ഥാനം നിലനിര്‍ത്താന്‍ പകരമെത്തിയവര്‍ നടത്തുന്ന ശ്രമങ്ങളും ഈ തോല്‍വിക്ക് കാരണമാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍ പറഞ്ഞു. കെ എല്‍ രാഹുലിനെ മാറ്റിയതുപോലുള്ള കാര്യങ്ങളും കിട്ടിയ അവസരം മുതലാക്കാനുള്ള ചിലരുടെ ശ്രമങ്ങളും ടീമില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു.

ആവശ്യത്തിന് റണ്‍സടിക്കാന്‍ കഴിയാതിരുന്നാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്ന് ഗവാസ്കര്‍ പറഞ്ഞു. ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യയെ രക്ഷിച്ചത്. ഫ്രണ്ട് ഫൂട്ടിലിറങ്ങി സ്പിന്നര്‍മാരെ നേരിടാതിരുന്നതും രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് ബൗളര്‍മാരെക്കാളുപരി പിച്ചിനെ ഭയന്നതും ഇന്ത്യക്ക് തിരിച്ചടിയായെന്നും ഗവാസ്കര്‍ പറഞ്ഞു.

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനാണ് ഓസ്ട്രേലിയ ജയിച്ചു കയറിയത്. മൂന്നാം ദിനം വിജയലക്ഷ്യമായി 75 റണ്‍സ് ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 49 റണ്‍സോടെ ട്രാവിസ് ഹെഡും 28 റണ്‍സുമായി ലാബുഷെയ്നും പുറത്താകാതെ നിന്നു.