ഇന്ത്യ, ഏഷ്യ, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് എന്നീ ടീമുകളാകും മത്സരിക്കുക. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക,ഓസ്ട്രേലിയ , ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള മുന്‍താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. ക്രിക്കറ്റുമായി സഹകരിക്കാന്‍ വീണ്ടും അവസരം കിട്ടുന്നതിൽ സന്തോഷം ഉണ്ടെന്ന് ശാസ്ത്രി പറ‍ഞ്ഞു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം(Team India) മുഖ്യപരിശീലക പദവി ഒഴിഞ്ഞ രവി ശാസ്ത്രിക്ക്(Ravi Shastr) പുതിയ ചുമതല. അടുത്തവര്‍ഷം തുടങ്ങുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്‍റെ(Legends League Cricket (LLC),) കമ്മീഷണര്‍ ആയി ശാസ്ത്രിയെ നിയമിച്ചു. വിരമിച്ച കളിക്കാര്‍ മത്സരിക്കുന്ന ലീഗ്, ജനുവരിയിൽ ഗള്‍ഫിലാകും നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍ കമ്മീഷണര്‍ എന്ന നിലയില്‍ രവി ശാസ്ത്രിയുടെ ചുമതലകള്‍ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെയും ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെയും ഫിസിയോ ആയിരുന്ന ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്ര്യു ലീപ്പസ് കളിക്കാരുടെ കായികക്ഷമത വിലയിരുത്താക്കാനുള്ള ഡയറക്ടറായി(സ്പോര്‍സ് സയന്‍സ്) ലീഗില്‍ ചേര്‍ന്നിട്ടുണ്ട്. ലീഗില്‍ കളിക്കുന്ന കളിക്കാരുടെ കായികക്ഷമത സംബന്ധിച്ച് ലീപ്പസ് റിപ്പോര്‍ട്ട് നല്‍കും.

ഇന്ത്യ, ഏഷ്യ, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് എന്നീ ടീമുകളാകും മത്സരിക്കുക. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക,ഓസ്ട്രേലിയ , ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള മുന്‍താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. ക്രിക്കറ്റുമായി സഹകരിക്കാന്‍ വീണ്ടും അവസരം കിട്ടുന്നതിൽ സന്തോഷം ഉണ്ടെന്ന് ശാസ്ത്രി പറ‍ഞ്ഞു.

ടി20 ലോകകപ്പിനുശേഷമാണ് 59കാരനായ ശാസ്ത്രി ഇന്ത്യന്‍ പരിശീലക ചുമതല ഒഴിഞ്ഞത്. ശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റെടുക്കുകയും ചെയ്തു. തന്‍റെ പ്രിയപ്പട്ട മേഖലയായ കമന്‍ററിയിലേക്ക് ശാസ്ത്രി മടങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ പദവി ശാസ്ത്രിയെ തേടിയെത്തിയത്. ശാസ്ത്രിക്ക് കീഴില്‍ ഓസ്ട്രേലിയയില്‍ രണ്ടു തവണ ടെസ്റ്റ് പരമ്പര നേടാനായതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.