ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തതയുമില്ല.

പൂനെ: ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തതയുമില്ല. ഇതിനിടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവരുടെ നാട്ടിലും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ നിന്നും ധോണി വിട്ടുനിന്നു. ഇതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ധോണി തിരിച്ചുവരുന്നതിനെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. 

വരുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ധോണിയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി. സിഎന്‍എന്‍ ന്യൂസ് 18 ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രി തുടര്‍ന്നു... ''ധോണിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത് പോലെ ഏകദിനത്തില്‍ നിന്നും ഉടന്‍ വിരമിക്കും. ഉറപ്പായും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും. ടീമിലേക്ക് മടങ്ങിവരണമെന്നതിന് വേണ്ടിമാത്രം ധോണി ഒന്നും ചെയ്യില്ല. എന്നാല്‍ അദ്ദേഹം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ തീര്‍ച്ചയായും ടി20 ലോകകപ്പിലേക്ക് പരിഗണിക്കും.

മധ്യനിരയില്‍ ഫോമും പരിചയസമ്പത്തുമാണ് പ്രധാന ഘടകം. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരില്‍ ഒരാള്‍ക്ക നറുക്ക വീഴുമെന്നതില്‍ സംശമില്ല. എന്നാല്‍ ഐപിഎലില്‍ ധോണി തിളങ്ങിയാല്‍ അദ്ദേഹത്തെയും ടീമിലേക്ക് പരിഗണിക്കും.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.