ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി രണ്ട് തവണ പൂജ്യത്തിന് പുറത്തായ വിരാട് കോലിക്ക് ഫോമിലേക്ക് തിരിച്ചെത്തണമെന്ന മുന്നറിയിപ്പുമായി മുൻ പരിശീലകൻ രവി ശാസ്ത്രി. 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ വിരാട് കോലി എത്രയും പെട്ടന്ന് ഫോമിലേക്ക് തിരിച്ചെത്തണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോലി ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത്. ഫെബ്രുവരിയില്‍ ചാമ്പ്യന്‍സ് ട്രോഫിയിലാണ് അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ഓസീസിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും കോലിക്ക് റണ്‍സെടുക്കാന്‍ സാധിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് ശാസ്ത്രി, കോലിയെ കുറിച്ച് സംസാരിച്ചത്.

ശാസ്ത്രിയുടെ വാക്കുകള്‍... ''അദ്ദേഹം വേഗത്തില്‍ ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ഇന്ത്യയില്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി മറ്റുതാരങ്ങള്‍ മത്സരിക്കുകയാണ്. കോലിക്ക് രണ്ട് അവസരങ്ങള്‍ നഷ്ടമായി. അദ്ദേഹത്തിന്റെ ഫുട്വര്‍ക്കില്‍ വ്യത്യാസം വന്നിട്ടുണ്ട്. അത് പലപ്പോഴും സംഭവിക്കാറില്ല. ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അസാധാരണമാണ്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി രണ്ട് തവണ റണ്‍സെടുക്കാതെ പുറത്താകുന്നത് നിരാശയുണ്ടാക്കും.'' ശാസ്ത്രി പറഞ്ഞു.

രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായതോടെ കരിയറിലാദ്യമായി തുടര്‍ച്ചയായി രണ്ട് ഏകദിന മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായി എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് കോലിയുടെ പേരിലായിരുന്നു. പെര്‍ത്തില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഏട്ട് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ കോലി അഡ്ലെയ്ഡില്‍ നാലാം പന്തില്‍ പുറത്തായിരുന്നു.

ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗില്ലിനെ മടക്കിയ ഓസീസ് പേസര്‍ സേവിയര്‍ ബാര്‍ട്ലെറ്റാണ് അഞ്ചാം പന്തില്‍ കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കിയത്. ആദ്യ ഏകദിനത്തില്‍ എട്ട് പന്ത് നേരിട്ട കോലി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പോയന്റില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. അവസാനം അഡ്ലെയ്ഡില്‍ കളിച്ച രണ്ട് കളികളിലും സെഞ്ചുറി നേടിയ കോലിക്ക് ഇത്തവണ പക്ഷെ അക്കൗണ്ട് തുറക്കാനുള്ള ഭാഗ്യമുണ്ടായില്ല. 2015ലെ ഏകദിന ലോകകപ്പില്‍ അഡ്ലെയ്ഡില്‍ പാകിസ്ഥാനെതിരെ 107 റണ്‍സടിച്ച കോലി 2019ല്‍ അവസാനം അഡ്ലെയ്ഡില്‍ കളിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ 104 റണ്‍സടിച്ചിരുന്നു.

YouTube video player