സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യനടത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനമാവും നിര്‍ണായകമാവുകയെന്ന് കോച്ച് രവി ശാസ്ത്രി. ഇത്തവണ മൂന്ന് പരമ്പരയും സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും ശാസ്ത്രി പറഞ്ഞു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രത്തിലാദ്യമായി 2017ല്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് പേസ് ബൗളര്‍മാരുടെ കരുത്തിലായിരുന്നു. 

നാല് ടെസ്റ്റുകളുടെ പരന്പരയില്‍ 2.1നായിരുന്നു ഇന്ത്യയുടെ ഐതിഹാസിക വിജയം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് വീഴ്ത്തിയ 48 വിക്കറ്റായിരുന്നു ഇന്ത്യന്‍ നേട്ടത്തിന്റെ അടിത്തറ. മൂന്ന് വര്‍ഷത്തിനുപ്പറും മറ്റൊരു പര്യടനത്തിന് തുടക്കമാവുന്‌പോള്‍ ടെസ്റ്റ് പരന്പരയ്‌ക്കൊപ്പം ഏകദിന ട്വന്റി 20 പരന്പരകളും സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

ഫാബുലസ് ഫൈവ് എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ പേസ് നിരയ്ക്ക് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്താനുള്ള കരുത്തുണ്ടെന്നാണ് കോച്ച് രവി ശാസ്ത്രി പറയുന്നത്. ''ഉമേഷ് യാദവ് പരിചയ സമ്പന്നനാണ്. നവദീപ് സെയ്നി നല്ല വേഗത്തില്‍ പന്തെറിയുന്നു. ഷമി അപൂര്‍വ ബൗളറാണ്. സിറാജ് ഒന്നാന്തരം പ്രതിഭ. ഇവര്‍ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറ കൂടി ചേരുമ്പോള്‍ ഓസീസ് പിച്ചുകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ കൊടുങ്കാറ്റ് വിതയ്ക്കും. ഇശാന്ത് ശര്‍മ്മ പരുക്കുമാറി എത്തിയില്ലെങ്കിലും ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റ് അതിശക്തമാണ്.'' രവി ശാസ്ത്രി വ്യക്തമാക്കി. 

വെള്ളിയാഴ്ച തുടങ്ങുന്ന ഏകദിനത്തോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് തുടക്കമാവുക. മൂന്ന് ഏകദിനങ്ങള്‍ക്ക് ശേഷം മൂന്ന് ട്വന്റി 20യിലും ഇന്ത്യ കളിക്കും. തുടര്‍ന്നാണ് നാല് ടെസ്റ്റുകളുടെ പരമ്പര. ഡിസംബര്‍ 17ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും.