റുതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കാന്‍ സജ്ജമാണ് എന്നായിരുന്നു തുടക്കത്തില്‍ സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് പറഞ്ഞത്.
വിശാഖപട്ടണം: എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. സീസണിന് ശേഷം അദ്ദേഹം വിരമിച്ചേക്കും. അതിന് മുന്നോടിയായിട്ടാണ് ധോണി സീസണ്‍ തുടങ്ങുന്നതിന് മുമ്പ് നായകസ്ഥാനം വെച്ചുമാറിയത്. നിലവില്‍ റുതുരാജ് ഗെയ്കവാദാണ് ടീമിനെ നയിക്കുന്നത്.
ഇപ്പോള്‍ ധോണി വിരമിക്കുമെന്നുളള സൂചന നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഇത് ധോണിയുടെ അവസാന സീസണായിരിക്കാം. അക്കാര്യം വളരെ വ്യക്തമാണ്. ധോണിയുടെ ശരീരം എല്ലാത്തിനെയും എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ സീസണ്‍ ധോണി മുഴുമിപ്പിക്കുമോ ഇല്ലയോ എന്ന് കാലം പറയും. വിരമിക്കുന്നതിന് മുന്നോടിയായിട്ടാണ് ധോണി നായകസ്ഥാനം മാറിയത്. ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ നായകസ്ഥാനം നല്‍കുകയല്ല ചെയ്തത്. അദ്ദേഹം ടീമില്‍ ഉള്ളപ്പോള്‍ തന്നെയാണ് നായകസ്ഥാനം മാറുന്നത്. ധോണി എല്ലാം നോക്കി കാണുന്നുണ്ട്്. റുതുരാജിന് വേണ്ട സഹായങ്ങളെല്ലാം ധോണി ചെയ്യുന്നു. റുതുരാജിനെ എല്ലാം പഠിപ്പിച്ച ശേഷം ധോണി സ്ഥാനമൊഴിയും.'' ശാസ്ത്രി വ്യക്തമാക്കി.
റുതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കാന്‍ സജ്ജമാണ് എന്നായിരുന്നു തുടക്കത്തില്‍ സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് പറഞ്ഞത്. എന്നാല്‍ ആര്‍സിബിക്ക് എതിരായ കന്നി ക്യാപ്റ്റന്‍സി പരീക്ഷണത്തില്‍ റുതുരാജ് ഒറ്റയ്ക്കല്ല കാര്യങ്ങള്‍ തീരുമാനിച്ചത്. തന്റെ മുന്‍ഗാമിയും ഇതിഹാസ നായകനുമായ ധോണിയുടെ ഉപദേശങ്ങള്‍ സ്വീകരിച്ചാണ് റുതുരാജ് ഫീല്‍ഡ് ഒരുക്കിയത്. മാത്രമല്ല, ഇടയ്ക്ക് ധോണി നേരിട്ടിറങ്ങി ഫീല്‍ഡര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും കണ്ടു.
റുതുരാജിന് കീഴില്‍ ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജയിച്ചിരുന്നു. ഇത്തവണയും കിരീടം നേടുമെന്ന് ഉറപ്പുള്ള ടീമുകളില്‍ ഒന്നാണ് സിഎസ്‌കെ. ധോണിക്ക് കിരീടത്തോടെ യാത്രയയപ്പ് നല്‍കാനാകുമോ എന്ന് കണ്ടറിയാം.

