ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ ടീമില്‍ നിന്ന് യുവതാരത്തെ ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് ആശ്വിന്‍
കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പായിരിക്കെ പിന്നെ എങ്ങനെയാണ് വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്ന് അശ്വിന്‍

ചെന്നൈ: ചാമ്പ്യൻസ് ട്രോഫി ടീമില്‍ നിന്ന് യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ഒഴിവാക്കി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്താനുള്ള സെലക്ടര്‍മാകുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ആര്‍ അശ്വിന്‍. ചാമ്പ്യൻസ് ട്രോഫി ടീമില്‍ എന്തിനാണ് അഞ്ച് സ്പിന്നര്‍മാരെന്ന് അശ്വിന്‍ യുട്യൂബ് വീഡിയോയില്‍ ചോദിച്ചു.
ചാമ്പ്യൻസ് ട്രോഫി പ്രാഥമിക സ്ക്വാഡിലുണ്ടായിരുന്ന യശസ്വി ജയ്സ്വാളിനെ മാറ്റി വരുണ്‍ ചക്രവര്‍ത്തിയെയും പരിക്കേറ്റപേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരം ഹര്‍ഷിത് റാണയെയും ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പായിരിക്കെ പിന്നെ എങ്ങനെയാണ് വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്ന് അശ്വിന്‍ ചോദിച്ചു. ദുബായിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ അഞ്ച് സ്പിന്നര്‍മാരുമായി ചാമ്പ്യൻസ് ട്രോഫി കളിക്കാന്‍ പോകുന്നത്.
എന്നാല്‍ അടുത്തിടെ നടന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ ടേണൊന്നും ലഭിച്ചിരുന്നില്ലെന്നതും 180ന് മുകളിലുള്ള വിജയലക്ഷ്യങ്ങള്‍ പോലും ടീമുകള്‍ അനായാസം പിന്തുടര്‍ന്ന് ജയിച്ചിരുന്നുവെന്നതും കാണാതിരുന്നുകൂടാ. ഈ സാഹചര്യത്തില്‍ ഇന്ത്യ മൂന്നോ നാലോ സ്പിന്നര്‍മാര്‍ക്ക് പകരം എന്തിനാണ് അഞ്ച് സ്പിന്നര്‍മാരെയൊക്കെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് തിനിക്ക് മനസിലാവുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു.
രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഓള്‍ റൗണ്ടര്‍മാരെന്ന നിലയില്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പാണ്. മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവും കളിച്ചാല്‍ നാലാം സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കഴിയുന്ന ബൗളര്‍മാര്‍ വേണമെന്നതിനാലാണ് യശസ്വിക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ ടീമിലുള്‍പ്പെടുത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മാസം 19ന് പാകിസ്ഥാനില്‍ തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ 20ന് ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
