ബര്‍മിംഗ്ഹാം ടെസ്റ്റിനായി ടീം ബിസില്‍ യാത്ര ചെയ്യാതെ മറ്റൊരു വാഹനത്തിലാണ് ജഡേജ സ്റ്റേഡിയത്തിലെത്തിയത്.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ബിസിസിഐയുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ടീം അംഗങ്ങളെല്ലാം മത്സരവേദിയിലേക്ക് ടീം ബസില്‍ പോകണമെന്ന ബിസിസിഐ നിര്‍ദേശമാണ് ജഡേജ ലംഘിച്ചതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷമാണ് ഇന്ത്യൻ ടീം അംഗങ്ങള്‍ക്ക് ബിസിസിഐ പത്തിന പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയത്. കോച്ച് ഗൗതം ഗംഭീറിന്‍റെ കൂടെ നിര്‍ദേശത്തിലായിരുന്നു ഇത്.

എന്നാല്‍ ബര്‍മിംഗ്ഹാം ടെസ്റ്റിനായി ടീം ബിസില്‍ യാത്ര ചെയ്യാതെ മറ്റൊരു വാഹനത്തിലാണ് ജഡേജ സ്റ്റേഡിയത്തിലെത്തിയത്. രണ്ടാം ദിനത്തിലെ കളിക്കുമുമ്പ് അധിക ബാറ്റിംഗ് പരിശീലനം നടത്താനായിരുന്നു ജഡേജ നേരത്തെ സ്റ്റേഡിയത്തിലെത്തിയത്. ബിസിസിഐയുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെങ്കിലും ബാറ്റിംഗ് പരിശീലനം നടത്താനാണെന്നതിനാലും മറ്റ് ടീം അംഗങ്ങള്‍ എല്ലാം സ്റ്റേഡിയത്തില്‍ എത്തുന്നതിന് മുമ്പെ സ്റ്റേഡിയത്തില്‍ എത്തിയതിനാലും ജഡേജക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ദിനം അവസാന ഓവറുകളില്‍ ഇംഗ്ലണ്ട് രണ്ടാം ന്യൂബോള്‍ എടുത്തതിനാല്‍ രണ്ടാം ദിനം തുടക്കത്തില്‍ ന്യൂബോളില്‍ ബാറ്റിംഗ് പരിശീലനം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് താന്‍ നേരത്തെ സ്റ്റേഡിയത്തിലെത്തിയതെന്ന് ജഡേജയും വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. രണ്ടാം ദിനം ലഞ്ച് വരെ ബാറ്റ് ചെയ്യാന്‍ തനിക്കായെന്നും ജഡേജ രണ്ടാം ദിനത്തിലെ കളിക്കുശേഷം പറഞ്ഞു.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ എത്രസമയം ബാറ്റ് ചെയ്താലും ഒരു ബാറ്റര്‍ക്ക് ക്രീസില്‍ സെറ്റായി എന്ന് ഉറപ്പിക്കാനാവില്ല, കാരണം, എപ്പോൾ വേണമെങ്കിലും പന്ത് സ്വിംഗ് ചെയ്ത് നിങ്ങള്‍ ക്യാച്ച് ഔട്ടാകുകയോ ബൗള്‍ഡ് ആകുകയോ ചെയ്യാം. അതുകൊണ്ട് തന്നെ തുടക്കത്തില്‍ ന്യൂബോള്‍ നേരിടാനുള്ള പരിശീലനത്തിനായാണ് മറ്റ് ടീം അംഗങ്ങള്‍ എത്തും മുമ്പെ സ്റ്റേഡിയത്തിലെത്തിയതെന്നും ജഡേജ പറഞ്ഞു. 137 പന്തില്‍ 89 റണ്‍സെടുത്ത ജഡേജ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് 200 രണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് മടങ്ങിയത്. ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ സമ്മാനിക്കുന്നതില്‍ ഇരുവരുടെയും ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് നിര്‍ണായകമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക