അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ നാളെയാണ് പുനരാരംഭിക്കുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ ആര്‍സിബി നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്തയെയാണ് നേരിടേണ്ടത്.

ബെംഗളൂരു: ഐപിഎല്‍ പോരാട്ടങ്ങള്‍ പുനരാരംഭിക്കാനിരിക്കെ നാളെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മഴ ഭീഷണി. ഇന്നലെ രാത്രി കനത്ത മഴയാണ് നഗരത്തില്‍ പെയ്തത്. ആര്‍സിബി താരങ്ങളെല്ലാം പരിശീലനത്തിനായി ഗ്രൗണ്ടിലെത്തിയിരുന്നെങ്കിലും കനത്ത മഴമൂലം പരിശീലനത്തിന് ഇറങ്ങാനായിരുന്നില്ല.

ഇതിനിടെ കനത്ത മഴയില്‍ ഗ്രൗണ്ടിലുണ്ടായ വെള്ളക്കെട്ടില്‍ നീന്തിത്തുടിക്കുന്ന ആര്‍സിബി താരം ടിം ഡേവിഡിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. വെള്ളക്കെട്ടിലേക്ക് ഡൈവ് ചെയ്തും ചാടിയും മഴ ആസ്വദിച്ച് തിരിച്ചു കയറിയ ഡേവിഡ് തിരിച്ചു കയറിയപ്പോള്‍ ഡ്രസ്സിംഗ് റൂമിലിരുന്ന ആര്‍സിബി താരങ്ങള്‍ കൈയടികളോടെയാണ് വരവേറ്റത്.

അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ നാളെയാണ് പുനരാരംഭിക്കുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ ആര്‍സിബി നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്തയെയാണ് നേരിടേണ്ടത്.  പ്ലേ ഓഫിന് ഒരു ജയം അകലെയാണ് 11 കളികളില്‍ 16 പോയന്‍റുള്ള ആര്‍സിബി. അവശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ 18 പോയന്‍റുമായി ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. അതേസമയം 12 കളികളില്‍ 11 പോയന്‍റുള്ള കൊല്‍ക്കത്തക്ക് നാളത്തെ മത്സരം നിര്‍ണായകമാണ്. നാളത്തെ മത്സരമടക്കം ശേഷിക്കുന്ന രണ്ട് കളിയും ജയിച്ചാലെ കൊല്‍ക്കത്തക്ക് പ്ലേ ഓഫിലെത്താനുള്ള നേരിയ പ്രതീക്ഷയെങ്കിലും നിലിനിര്‍ത്താനാവു.

View post on Instagram
 

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം നാളെ വീണ്ടും ഗ്രൗണ്ടിലിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട് കോലിയോടുള്ള ആദരസൂചകമായി നാളെ ആര്‍സിബി ആരാധകര്‍ തൂവെള്ള ജേഴ്സികള്‍ ധരിച്ചാവും സ്റ്റേഡിയത്തിലെത്തുക. ഈ സീസണില്‍ ആര്‍സിബി കുപ്പായത്തില്‍ ഫിനിഷറായി തിളങ്ങിയ ടിം ഡേവിഡ് കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തി ടീമിനൊപ്പം ചേര്‍ന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക