ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസ്- പഞ്ചാബ് കിംഗ്സ് മത്സരം ധരംശാലയില്‍ പുരോഗമിക്കുമ്പോഴായിരുന്നു അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് സ്റ്റേഡിയത്തിലെ ഫ്ലെഡ് ലൈറ്റുകള്‍ ഓഫാക്കുകയും മത്സരം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തത്.
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. പ്ലേ ഓഫിലെത്താന്‍ ശേഷിക്കുന്ന മൂന്ന് കളികളും ജയിക്കേണ്ട ഡല്‍ഹിക്കായി പന്തെറിയാന്‍ ഓസീസ് സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കുണ്ടാവില്ല. അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചപ്പോള്‍ സ്റ്റാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ഐപിഎല്ലിലെ ബാക്കി മത്സരങ്ങളില്‍ കളിക്കാനായി തിരിച്ചെത്താനാവില്ലെന്ന് സ്റ്റാര്‍ക്ക് ഇ മെയില്‍ സന്ദേശത്തിലൂടെ ടീമിനെ അറിയിക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസ്- പഞ്ചാബ് കിംഗ്സ് മത്സരം ധരംശാലയില്‍ പുരോഗമിക്കുമ്പോഴായിരുന്നു അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് സ്റ്റേഡിയത്തിലെ ഫ്ലെഡ് ലൈറ്റുകള്‍ ഓഫാക്കുകയും മത്സരം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തത്. മത്സരം നിര്‍ത്തിവെച്ച് കളിക്കാരെയും കാണികളെയും ഒഴിപ്പിച്ചത് ഭീതിജനകമായ അന്തരീക്ഷമായിരുന്നുവെന്ന് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഭാര്യയും ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം താരവുമായി അലീസ ഹീലി കഴിഞ്ഞ ദിവസം എഴുതിയിരുന്നു. കളിക്കാരെല്ലാം കടുത്ത ആശങ്കയിലായിരുന്നുവെന്നും അലീസ ഹീലി വ്യക്തമാക്കിയിരുന്നു.
ഐപിഎല്‍ താരലേലത്തില്‍ 11.75 കോടി രൂപ മുടക്കിയാണ് ഡല്‍ഹി മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചത്. ഡല്‍ഹിക്കായി ഈ സീസണില്‍ 11 കളികളില്‍ 14 വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. നോക്കൗട്ട് മത്സരങ്ങളില്‍ മികച്ച ഫോമിലേക്ക് ഉയരാറുള്ള സ്റ്റാര്‍ക്കിന്‍റെ മികവ് കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഹൈദരാബാദിനെതിരെ കൊല്‍ക്കത്തക്ക് കീരിടം സമ്മാനിച്ചതില്‍ നിര്‍ണായകമായിരുന്നു. പ്ലേ ഓഫിലെത്താന്‍ ഇനിയെല്ലാം ജീവന്‍മരണ പോരാട്ടങ്ങളായ ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം സ്റ്റാര്‍ക്കിന്‍റെ അസാന്നിധ്യം വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
സ്റ്റാര്‍ക്കിന് പുറമെ മറ്റൊരു ഓസീസ് താരം ജേക് ഫ്രേസര്‍ മക്‌ഗുര്‍കും ഡല്‍ഹിയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയിരുന്നു. സ്റ്റാര്‍ക്കിന് പകരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമിലെത്തിക്കാനുള്ള ഡല്‍ഹിയുടെ ശ്രമങ്ങളും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ എന്‍ ഒ സി കിട്ടാത്തതിനെത്തുടര്‍ന്ന് പാളിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് വിട്ടുനില്‍ക്കുമ്പോഴും ഓസീസ് ടീമിലെ സഹ പേസര്‍മാരായ പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡും ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. നാളെ പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ ഞായറാഴ്ച ഗുജറാത്തിനെതിരെയും 21ന് മുംബൈ ഇന്ത്യൻസിനെതിരെയും 24ന് പഞ്ചാബിനെതിരെയുമാണ് ഡല്‍ഹിയുടെ മത്സരങ്ങള്‍.