കിരീടം നേടി 18 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു ആഘോഷം നടത്തേണ്ടതിന്‍റെ ആവശ്യകത എന്തായിരുന്നുവെന്നും ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായും ആര്‍സിബി ടീമിനാണെന്നും മുന്‍ ഇന്ത്യൻ താരം മദന്‍ ലാല്‍ പറഞ്ഞു
ബെംഗളൂരു: പ്രിയപ്പെട്ട ആരാധകർ തിക്കിലും തിരക്കിലും മരണപ്പെട്ടിട്ടും ഐപിഎൽ കിരീട വിജയം ആഘോഷമാക്കിയ ആർസിബിക്കെതിരെ രൂക്ഷ വിമർശനം. വിധാൻസൗധയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്‍റെ സ്വീകരണം നൽകുന്നതിനിടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിൽ വൻ ദുരന്തമുണ്ടായത്. ആരാധകരുടെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ആർസിബി ട്രോഫി പരേഡ് റദ്ദാക്കി.
എന്നാൽ സ്റ്റേഡിയത്തിൽ നിശ്ചയിച്ച ആഘോഷപരിപാടിയുമായി ടീം മുന്നോട്ടുപോയി. ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കുകയും ചെയ്തു. സ്റ്റേഡിയത്തിന് മുന്നിൽ ആരാധകർ മരിച്ചിട്ടും അകത്ത് വിജയം ആഘോഷിച്ച വിരാട് കോലിയുടെയും സംഘത്തിന്‍റെയും നപടിയാണ് വിമർശനത്തിന് ഇടയാക്കിയത്.ആഘോഷ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് മിക്കവയും പിൻവലിച്ചു.
കിരീടം നേടി 18 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു ആഘോഷം നടത്തേണ്ടതിന്‍റെ ആവശ്യകത എന്തായിരുന്നുവെന്നും ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായും ആര്‍സിബി ടീമിനാണെന്നും മുന്‍ ഇന്ത്യൻ താരം മദന്‍ ലാല്‍ പറഞ്ഞു. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം ഉറപ്പാക്കിയശേഷം വിജയാഘോഷം നടത്തിയാല്‍ എന്തായിരുന്നു കുഴപ്പമെന്നും മദന്‍ ലാല്‍ ചോദിച്ചു.
വിജയാഘോഷത്തിന്‍റെ ഭാഗമായുണ്ടായ തിക്കിലും തിരിക്കിലും 11 പേര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമായെന്നും ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഒഴിവാക്കാനാവാത്ത ദുരന്തമായിരുന്നു ഇതെന്നും മദൻ ലാല്‍ പറഞ്ഞു. ഈ ദുരന്തത്തിന് ആരാണ് ഉത്തരവാദികള്‍, ഇത്രയും പെട്ടെന്ന് ആഘോഷിച്ച ആര്‍സിബി ഉടമകള്‍ മാത്രമല്ല, അതിന് അനുമതി കൊടുത്ത സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്തമുണ്ട്. ബെംഗളൂരുവില്‍ വിമാനമിറങ്ങി നാലു മണിക്കൂറിനകം വിജയാഘോഷം നടത്തേണ്ടതിന്‍റെ ആവശ്യം എന്തായിരുന്നുവെന്ന് മനസിലാവുന്നില്ല, ഇക്കാര്യത്തില്‍ ആര്‍സിബി ടീം ഉടമകള്‍ക്ക് വലിയ പിഴവ് സംഭവിച്ചുവെന്നും മദന്‍ ലാല്‍ പറഞ്ഞു. സംഭവത്തില്‍ ബിസിസിഐയെ കുറ്റം പറയാനാവില്ലെന്നും ഇക്കാര്യത്തില്‍ ബിസിസിഐക്ക് ഒന്നും ചെയ്യാനില്ലെന്നും മദന്‍ ലാല്‍ പറഞ്ഞു.

