താരത്തിന്റെ ജന്മദിനാഘോഷത്തിനിടെയായിരുന്നു സംഭവം
വിരാട് കോലിയെ പോലൊരു ഇതിഹാസ താരം അടുത്തുവന്നാല്‍ എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ യുവാതാരങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാകും. സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണിത്. പക്ഷേ, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ഭാഗമായ സ്വാസ്തിക് ചികാര അങ്ങനെയല്ല. കഴിഞ്ഞ വാരം കോലിയറിയാതെ അദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് പെര്‍ഫ്യൂം എടുത്ത് ഉപയോഗിച്ച താരമാണ് ഇരുപതുകാരനായ സ്വാസ്തിക്. എന്നാല്‍, ഇപ്പോള്‍ അല്‍പ്പം കടന്ന് പ്രവര്‍ത്തിച്ചിരിക്കുകയാണ് താരം.
സ്വാസ്തികിന്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. ബെംഗളൂരു താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം അണിനിരന്നിരുന്നു. കേക്ക് മുറിച്ച് കോലിക്കും നല്‍കി സ്വാസ്തിക്. എന്നാല്‍, കോലി തിരിച്ച് കേക്ക് നല്‍കിയപ്പോഴാണ് സ്വാസ്തിക് തന്റെ കുട്ടിത്തം പുറത്തെടുത്തത്. കോലിയുടെ കയ്യില്‍ സ്വാസ്തിക് കടിച്ചു.വിടാന് തയാറായതുമില്ല. എന്റെ വിരലുകളെയെങ്കിലും വെറുതെ വിടു എന്ന് കോലി പറയുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ ബെംഗളൂരു തന്നെയാണ് പുറത്തുവിട്ടത്. വിരാട് ഭായിയോട് എനിക്ക് രണ്ട് മൂന്ന് വാച്ചുകള്‍ സമ്മാനമായി നല്‍കാൻ പറയുവെന്ന് സ്വാസ്തിക് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാനാകും. ഇതിനോടകം തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കോലിക്ക് മാത്രമല്ല ബാറ്റിങ് പരിശീലകൻ ദിനേഷ് കാര്‍ത്തിക്ക്, മുഖ്യപരിശീലകൻ ആൻഡി ഫ്ലവര്‍ എന്നിവര്‍ക്കും സ്വാസ്തിക് കേക്ക് നല്‍കുന്നതായി വീഡിയോയില്‍ കാണാം.
ആരാണ് സ്വാസ്തിക് ചികാര
ഇതുവരെയും പഠനത്തിനായി സ്കൂളില്‍ പോകാത്ത സ്വാസ്തിക് അഞ്ചാം വയസിലാണ് ക്രിക്കറ്റ് കളിക്കാൻ ആരംഭിക്കുന്നത്. പ്രഥമ യുപിടി20 ലീഗിലൂടെയാണ് യുവതാരം ശ്രദ്ധ നേടുന്നത്. മീറത്ത് മാവറിക്കിനായി കളത്തിലെത്തിയ സ്വാസ്തിക് 494 റണ്‍സാണ് ഒരു സീസണില്‍ മാത്രം നേടിയത്. മൂന്ന് സെഞ്ചുറികളും സ്വന്തമാക്കി. 26 സിക്സുകളാണ് താരം പായിച്ചത്. അടുത്ത സീസണില്‍ 499 റണ്‍സായിരുന്നു സ്വാസ്തിക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 185 സ്ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റ് ചെയ്തതും.
