ആദ്യപാദത്തില്‍ നിര്‍ണായക ലീഡ് നേടുന്നതിനൊപ്പം പന്ത്രണ്ടുമാസം മുമ്പ് നേരിട്ട ഒന്നിനെതിരെ അഞ്ച് ഗോളിന്റെ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയുണ്ട് കാര്‍ലോ ആഞ്ചലോട്ടിയുടെ റയലിന്.

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡിനെയും ആഴ്‌സണല്‍, ബയേണ്‍ മ്യൂണിക്കിനെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക. കിരീടം നിലനിര്‍ത്താനാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. പതിനാലുതവണ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ആവട്ടെ തടയിടാനും. കഴിഞ്ഞവര്‍ഷത്തെ സെമി ഫൈനലിസ്റ്റുകള്‍ സാന്റിയാഗോ ബെര്‍ബ്യൂവില്‍ നേര്‍ക്കുനേര്‍.

ആദ്യപാദത്തില്‍ നിര്‍ണായക ലീഡ് നേടുന്നതിനൊപ്പം പന്ത്രണ്ടുമാസം മുമ്പ് നേരിട്ട ഒന്നിനെതിരെ അഞ്ച് ഗോളിന്റെ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയുണ്ട് കാര്‍ലോ ആഞ്ചലോട്ടിയുടെ റയലിന്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യമുണ്ടെങ്കിലും സിറ്റിയെ മറികടക്കുക റയലിന് എളുപ്പമാവില്ലെന്നുറപ്പ്. എര്‍ലിംഗ് ഹാലന്‍ഡ്, ഫില്‍ ഫോഡന്‍, ജൂലിയന്‍ അല്‍വാരസ്, കെവിന്‍ ഡിബ്രൂയ്ന്‍, റോഡ്രി, ബെര്‍ണാര്‍ഡോ സില്‍വ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ പെപ് ഗാര്‍ഡിയോളുയുടെ തന്ത്രങ്ങളുമായി ഇറങ്ങുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി അപകടകാരികള്‍. 

ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ പരിക്ക് മാറി തിരിച്ചെത്തുന്നതും സിറ്റിയുടെ കരുത്തുകൂട്ടും. ജൂഡ് ബെല്ലിംഗ്ഹാം, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നീ യുവതാരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ആഞ്ചലോട്ടി തന്ത്രങ്ങളൊരുക്കുന്നത്. ഇവര്‍ക്ക് കരുത്തായി ടോണി ക്രൂസും ചുവാമെനിയും വാല്‍വെര്‍ദേയും ഉണ്ടാവും. ഇരുടീമും ഏറ്റുമുട്ടുന്ന പതിനൊന്നാമത്തെ മത്സരമാണിത്. നാലില്‍ റയലും മൂന്നില്‍ സിറ്റിയും ജയിച്ചു. മൂന്ന് മത്സരം സമനിലയില്‍. പ്രീമിയര്‍ ലീഗില്‍ കിരീടപ്രതീക്ഷയോടെ അപരാജിതരായി മുന്നേറുന്ന ആഴ്‌സണലിനെ പിടിച്ചുകെട്ടുക ജര്‍മന്‍ ലീഗില്‍ കിതയ്ക്കുന്ന ബയേണ്‍ മ്യൂണിക്കിന് എളുപ്പമാവില്ല. 

ജഡേജയോട് ഇറങ്ങാന്‍ പറഞ്ഞത് ധോണി തന്നെ! അണിയറയില്‍ നടന്നത് വ്യക്തമായ പ്ലാനിംഗ്, സംഭവം വ്യക്തമാക്കി സഹതാരം

അവസാന രണ്ട് കളിയും തോറ്റ് ബുണ്ടസ് ലിഗ കിരീടം കൈവിട്ടുവെന്ന് ഉറപ്പായ ബയേണിന്റെ പിടിവള്ളിയാണ് ചാംപ്യന്‍സ് ലീഗ്. ഹാരി കെയ്ന്‍, സെര്‍ജി ഗ്‌നാബ്രി, ജമാല്‍ മുസ്യാല, തോമസ് മുള്ളര്‍ തുടങ്ങിയവര്‍ യഥാര്‍ഥ മികവിലേക്ക് ഉയര്‍ന്നാല്‍ ആഴ്‌സണലിന്റെ തട്ടകത്തില്‍ നിര്‍ണായക ലീഡ് നേടാമെന്ന പ്രതീക്ഷയിലാണ് ബയേണ്‍ കോച്ച് തോമസ് ടുഷേല്‍. മികേല്‍ അര്‍ട്ടേറ്റയ്ക്ക് കീഴില്‍ തോല്‍ക്കാന്‍ മടിയുള്ള സംഘമായി മാറിയ ആഴ്‌സണലിന് ബുക്കായോ സാക്ക പരിക്കുമാറിയെത്തിയത് കരുത്താവും. 

മാര്‍ട്ടിനെല്ല, ഹാവെര്‍ട്‌സ്, ഒഡേഗാര്‍ഡ് എന്നിവരും ഫോമില്‍. ഇതുവരെ ഏറ്റുമുട്ടിയ പന്ത്രണ്ട് കളിയില്‍ ബയേണിന് വ്യക്തമായ ആധിപത്യം. ഏഴിലും ബയേണ്‍ ജയിച്ചപ്പോള്‍ ആഴ്‌സണ്‍ ജയിച്ച് കയറിയത് മൂന്ന് കളിയില്‍ മാത്രം. രണ്ട് മത്സരം സമനിലയില്‍ അവസാനിച്ചു.