ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കി. ബെര്‍മിംഗ്ഹാമില്‍ ഒരു ഏഷ്യന്‍ ടീമിന്റെ ആദ്യ വിജയമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. 

ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 608 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 271 റണ്‍സിന് പുറത്തായി. രണ്ട് ഇന്നിംഗ്‌സിലും തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് കളിയിലെ താരം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. മാത്രമല്ല, ചില റെക്കോഡുകളും ടീം ഇന്ത്യയെ തേടിയെത്തി. ബെര്‍മിംഗ്ഹാമില്‍ ഒരു ഏഷ്യന്‍ ടീമിന്റെ ആദ്യ വിജയമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി.

റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ എവേ ജയം കൂടിയാണിത്. 2019 വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 318 റണ്‍സിന്റെ ജയം രണ്ടാം സ്ഥാനത്തായി. 2017ല്‍ ഗാലെയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 304 റണ്‍സിന്റെ ജയം മൂന്നാമത്. കഴിഞ്ഞ വര്‍ഷം പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 295 റണ്‍സ് വിജയവും, 1986ല്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്‌സില്‍ നേടിയ 279 റണ്‍സ് ജയവും അടുത്തടുത്ത സ്ഥാനങ്ങളില്‍. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ കളിക്കുന്ന 19-ാം ടെസ്റ്റിലാണ് ആദ്യ ജയം സ്വന്തമാക്കാനായത്.

എഡ്ജ്ബാസ്റ്റണില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ 587, 427/6 ഡി & ഇംഗ്ലണ്ട് 407, 271. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 180 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 587നെതിരെ ഇംഗ്ലണ്ട് 407ന് പുറത്താവുകായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ആറിന് 427 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ജയമാണിത്. ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്‍, രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയിരുന്നു.

ഒരു ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററും ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ബാറ്ററുമെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്‌കര്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും(124) രണ്ടാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറിയും(220) നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. സെഞ്ചുറി നേടിയതോടെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന രണ്ടാമത്തെ ബാറ്ററെന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതരെ 344 റണ്‍സടിച്ച ഗവാസ്‌കറുടെ റെക്കോര്‍ഡാണ് 430 റണ്‍സെടുത്ത് ഗില്‍ പുതുക്കി എഴുതിയത്.

YouTube video player