രണ്ടാം ദിനം ആദ്യ ഓവറുകളില്‍ ജസ്പ്രീത് ബുമ്രയും വാഷിംഗ്ടണ്‍ സുന്ദറും വിക്കറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ 88ാം ഓവറില്‍ റിഷഭ് പന്ത് കുല്‍ദീപ് യാദവിനെ പന്തെറിയാന്‍ വിളിച്ചു.
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് വിക്കറ്റെടുത്ത് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത് കുല്‍ദീപ് യാദവാണ്. സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാതിരുന്ന ആദ്യ ദിനം മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപിന് പക്ഷെ രണ്ടാം ദിനം വിക്കറ്റൊന്നും വീഴ്ത്താനായില്ലെന്ന് മാത്രമല്ല, മാര്‍ക്കോ യാന്‍സന്‍ കുല്‍ദീപിനെ പ്രഹരിക്കുകയും ചെയ്തു.
രണ്ടാം ദിനം ആദ്യ ഓവറുകളില്‍ ജസ്പ്രീത് ബുമ്രയും വാഷിംഗ്ടണ്‍ സുന്ദറും വിക്കറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ 88ാം ഓവറില്‍ റിഷഭ് പന്ത് കുല്‍ദീപ് യാദവിനെ പന്തെറിയാന്‍ വിളിച്ചു. എന്നാല്‍ പന്തെറിയാനെത്തിയ കുല്‍ദീപ് ആദ്യ പന്തെറിയാന്‍ സമയമെടുത്തതോടെ ക്യാപ്റ്റൻ റിഷഭ് പന്തില്‍ നിന്ന് ശകാരമേറ്റുവാങ്ങുകയും ചെയ്തു. പുതിയ ബൗളര്‍ പന്തെറിയാനെത്തുമ്പോള്‍ അവസാന ഓവര്‍ എറിഞ്ഞ് 60 സെക്കന്‍ഡുകള്‍ക്ക് അകം ആദ്യ പന്ത് എറിയണമെന്നാണ് നിയമം. ഇത്തരത്തില്‍ എറിയുന്നതില്‍ വീഴ്ച വരുത്തിയതിന് കുല്‍ദീപിന് മുമ്പ് രണ്ട് തവണ അമ്പയര്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. മൂന്നാം തവണയും തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പിഴ ചുമത്താനും അമ്പയര്‍ക്ക് അധികാരമുണ്ട്. ഇക്കാര്യം അമ്പയര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് റിഷഭ് പന്ത് കുല്‍ദീപിനെ ശകാരിച്ചത്.
നീ എന്താ വീട്ടിലാണോ കളിക്കുന്നത്, 30 സെക്കന്‍ഡ് സമയമെയുള്ളു. ഒരു പന്തെങ്കിലും ദയവു ചെയ്ത് എറിയൂ, കുല്‍ദീപ് നിനക്ക് രണ്ട് തവണ താക്കീത് ലഭിച്ചതല്ലെ, നീ ഒരു മിനിറ്റിനുള്ളില്‍ മുഴുവന്‍ ഓവറും എറിയേണ്ട, പക്ഷെ ഒരു പന്തെങ്കിലും എറിയു, നീ എന്താ ടെസ്റ്റ് ക്രിക്കറ്റില്‍ തമാശ കളിക്കുകയാണോ, ഫീല്‍ഡൊക്കെ ഞാന്‍ സെറ്റ് ചെയ്തോളാം, നീ ആദ്യം പന്തെറിയ്, ബാക്കിയെല്ലാം നോക്കിക്കൊള്ളാമെന്നായിരുന്നു റിഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ നിന്ന് കുല്‍ദീപിനോട് വിളിച്ചു പറഞ്ഞത്.
ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്സെന്ന ശക്തമായ നിലയിലാണ്. 246-6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ എളുപ്പം എറിഞ്ഞിടാമെന്ന ഇന്ത്യൻ സ്വപ്നങ്ങള്‍ തകര്‍ത്ത് സെഞ്ചുറി നേടിയ സെനുരാന്‍ മുത്തുസാമിയും കെയ്ല്‍ വെരിയെന്നെയും മാര്‍ക്കോ യാന്‍സനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്.


