ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിക്കുന്നതോ അതൃപ്തി പ്രകടിപ്പിക്കുന്നതോ ലെവല്‍-1 അല്ലെങ്കില്‍ ലെവല്‍-2 കുറ്റമായാണ് കണക്കാക്കുന്നത്

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പന്ത് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തിനെതിരെ ഐസിസി അച്ചടക്ക നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം മുഹമ്മദ് സിറാജ് എറിഞ്ഞ 61-ാം ഓവറിൽ ഹാരി ബ്രൂക്ക് ബൗണ്ടറി അടിച്ചതിന് പിന്നാലെയാണ് ഷേപ്പ് മാറിയതിനാല്‍ പന്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിഷഭ് പന്ത് അമ്പയര്‍ പോള്‍ റീഫലിനെ സമീപിച്ചത്.

പന്ത് വാങ്ങി പരിശോധിച്ച പോള്‍ റീഫല്‍ പന്ത് മാറ്റേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയതോടെ പന്ത് മാറ്റണമെന്ന് വീണ്ടും റിഷഭ് പന്ത് അമ്പയറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു അമ്പയര്‍ നിരസിച്ചതോടെ അമ്പയര്‍ തിരിച്ചു നല്‍കിയ പന്ത് എടുത്ത് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി റിഷഭ് പന്ത് പരസ്യമാക്കി. പിന്നാലെ ഹെഡിങ്ലിയിലെ കാണികള്‍ റിഷഭ് പന്തിനെ കൂവുകയും ചെയ്തു. ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് റിഷഭ് പന്തിന്‍റെ നടപടി വിലക്കോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിക്കുന്നതോ അതൃപ്തി പ്രകടിപ്പിക്കുന്നതോ ലെവല്‍-1 അല്ലെങ്കില്‍ ലെവല്‍-2 കുറ്റമായാണ് കണക്കാക്കുന്നത്. അതുപോലെ പന്ത് എടുത്ത് അമ്പയറുടെ അടുത്തേക്ക് വലിച്ചെറിയുന്നതും ലെവല്‍-1 അല്ലെങ്കില്‍ ലെവല്‍-2 കുറ്റത്തിന്‍റെ പരിധിയില്‍ വരും. എന്നാല്‍ ഇതില്‍ അച്ചടക്ക നടപടി ആവശ്യമുണ്ടോ എന്നത് മാച്ച് റഫറിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും തീരുമാനമുണ്ടാകുക. റിഷഭ് പന്തിന്‍റെ പ്രതിഷേധത്തിനുശേഷം അമ്പയര്‍മാര്‍ പിന്നീടുള്ള ഓവറുകളില്‍ തുടര്‍ച്ചയായി പന്ത് പരിശോധിച്ചിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471 റണ്‍സിന് മറുപടിയായി 276-5 എന്ന സ്കോറിലായിരുന്നു ഇംഗ്ലണ്ട് ആ സമയത്ത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 465 റണ്‍സിനാണ് ഓള്‍ ഔട്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക