ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ നിറം മങ്ങിയ മത്സരത്തില്‍ 51 റണ്‍സിനായിരുന്നു ഇന്ത്യ തോറ്റത്.

മുള്ളൻപൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം കോച്ച് ഗൗതം ഗംഭീറിന് സംഭവിച്ച ഭീമാബദ്ധമെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. 214 റണ്‍സ് പോലെ വലിയൊരു വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരെയാണ് ആദ്യം ഇറക്കേണ്ടതെന്നും മത്സരശേഷം ഉത്തപ്പ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ നിറം മങ്ങിയ മത്സരത്തില്‍ 51 റണ്‍സിനായിരുന്നു ഇന്ത്യ തോറ്റത്. ആദ്യ ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ മൂന്നാം നമ്പറില്‍ ഇന്ത്യക്കായി ബാറ്റിംഗിനറങ്ങിയത് അക്സര്‍ പട്ടേലായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയ ഗംഭീറിന്‍റെ ഈ തീരുമാനത്തെയാണ് ഉത്തപ്പയും ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്നും ഒരുപോലെ വിമര്‍ശിച്ചത്.

പരമ്പരക്ക് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞത്, ഓപ്പണര്‍മാരൊഴികെ ബാക്കി ബാറ്റര്‍മാരെല്ലാം ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ ഫ്ലെക്സിബിള്‍ ആയിരിക്കണമെന്നായിരുന്നു. എന്നാല്‍ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ഗംഭീറിന്‍റെ ഈ നിലപാടിനോട് എനിക്ക് യോജിപ്പില്ല. കാരണം, വലിയൊരു സ്കോര്‍ പിന്തുടരുമ്പോള്‍ ടീമിന്‍റെ ഏറ്റവും മികച്ച ബാറ്റര്‍മാരാകണം ആദ്യം ക്രീസിലെത്തേണ്ടത്. ഗില്‍ തുടക്കത്തിലെ മടങ്ങിയപ്പോള്‍ അക്സര്‍ പട്ടേലിനെ പിഞ്ച് ഹിറ്ററായാണ് അയച്ചതെങ്കില്‍ അക്സര്‍ അതുപോലെ തകര്‍ത്തടിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അല്ലാതെ 21 പന്തില്‍ 21 റണ്‍സെടുക്കുകയല്ലെന്നും ഉത്തപ്പ പറഞ്ഞു.

പരീക്ഷണം നടത്താനുള്ള സമയമായിരുന്നില്ല അതെന്നും ടീമിലെ മികച്ച ബാറ്ററെയായിരുന്നു മൂന്നാം നമ്പറില്‍ അയക്കേണ്ടിയിരുന്നതെന്ന് ഡെയ്‌ൽ സ്റ്റെയിനും പറഞ്ഞു. അക്സറിന് ബാറ്റ് ചെയ്യാനാവും. പക്ഷെ മൂന്നാം നമ്പറില്‍ അയക്കുന്നത് ഭീമാബദ്ധമായിപ്പോയി . തുടക്കത്തില്‍ അഭിഷേക് ആയിരുന്നു പുറത്തായിരുന്നതെങ്കില്‍ ഇടം കൈ-വലംകൈ കൂട്ടുകെട്ട് നിലനിര്‍ത്താനാണ് അക്സറിനെ അയച്ചതെന്ന് പറഞ്ഞെങ്കിലും ന്യായീകരിക്കാമായിരുന്നു. പക്ഷെ ആദ്യം പുറത്തായത് വലംകൈയനായി ഗില്ലായിരുന്നു. എന്നിട്ടും അക്സറിനെ അയച്ചതോടെ രണ്ട് ഇടംകൈയന്‍മാര്‍ ഒരേസമയം ക്രീസിലെത്തി. ഇത് ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.

ലോകകപ്പിന് മുമ്പ് ടോപ് ത്രീയില്‍ ആരൊക്കെ ഇറങ്ങുമെന്നെങ്കിലും ഗംഭീറും സൂര്യകുമാറും തീരുമാനിക്കണമെന്നും ഉത്തപ്പയും സ്റ്റെയ്നും പറഞ്ഞു. ഫ്ലെക്സിബിറ്റി വേണം, പക്ഷെ അത് ആദ്യ ആറോവറില്‍ ഒരു അടിത്തറ ഉണ്ടാക്കിയിട്ടാവണം. കളിക്കാര്‍ക്ക് അവരുടെ റോളുകളെക്കുറിച്ച് വ്യക്തതയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മികച്ച പ്രകടനം നടത്താനാവുകയെന്നും ഉത്തപ്പ ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക