214 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ മികച്ച തുടക്കം അനിവാര്യമായിരുന്നുവെന്ന് മത്സരശേഷം സമ്മാനദാന ചടങ്ങില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

മുള്ളൻപൂര്‍: ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടി20യില്‍ 51 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ കുറ്റസമ്മതവുമായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ മികച്ച തുടക്കം അനിവാര്യമായിരുന്നുവെന്ന് മത്സരശേഷം സമ്മാനദാന ചടങ്ങില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

മികച്ച തുടക്കങ്ങള്‍ക്കായി എല്ലായ്പ്പോഴും അഭിഷേക് ശര്‍മയെ ആശ്രയിക്കാനാവില്ല. ഞാനും ശുഭ്മാനും കുറച്ചകൂടി ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യണമായിരുന്നു. കാരണം, അഭിഷേകിന്‍റെ ബാറ്റിംഗ് ശൈലി കണക്കിലെടുത്താല്‍ അവൻ ഒരു ദിവസം നിറം മങ്ങിയാലും തെറ്റ് പറയാനാവില്ല. അതുകൊണ്ട് തന്നെ എനിക്കും ശുഭ്മാനുമൊപ്പം മറ്റ് ബാറ്റര്‍മാരും ആ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് മികച്ചൊരു റണ്‍ചേസ് ആയി മാറുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ശുഭ്മാന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. അതുകൊണ്ട് തീര്‍ച്ചയായും അത് എന്‍റെ ഉത്തരവാദിത്തമായിരുന്നു. ഞാന്‍ കുറച്ചു നേരം കൂടി ക്രീസില്‍ നിന്ന് സ്കോര്‍ ഉയർത്തണണമായിരുന്നു.

പക്ഷെ ഇതെല്ലാം ഒരു പാഠമാണ്. ഈ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അടുത്ത മത്സരത്തില്‍ കൂടുതല്‍ മികച്ച പ്രകടം പുറത്തെടുക്കാന്‍ ശ്രമിക്കും. അക്സര്‍ പട്ടേലിനെ മൂന്നാം നമ്പറില്‍ ബാറ്റിംഗിന് അയക്കാനുള്ള തീരുമാനത്തെയും സൂര്യകുമാര്‍ യാദവ് ന്യായീകരിച്ചു. അക്സര്‍ ടെസ്റ്റില്‍ ദീര്‍ഘമായ ഇന്നിംഗ്സകള്‍ കളിക്കുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ടെന്നും അത്തരമൊരു നീണ്ട ഇന്നിംഗ്സ് പ്രതീക്ഷിച്ചാണ് അക്സറിനെ മൂന്നാം നമ്പറില്‍ ക്രീസിലേക്ക് അയച്ചതെന്നും നിര്‍ഭാഗ്യവശാല്‍ അത് ഫലപ്രദമായില്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

അക്സര്‍ നന്നായി ബാറ്റ് ചെയ്തു. എന്നാല്‍ പ്ലാന്‍ പൂര്‍ണമായും വര്‍ക്കൗട്ട് ആയില്ല. ദക്ഷിണാഫ്രിക്കയുടെ സ്കോറിംഗ് കണ്ടപ്പോള്‍ ടോസ് നേടിയശേഷം ആദ്യം ബാറ്റ് ചെ്താല്‍ മതിയായിരുന്നുവെന്ന് തോന്നിപ്പോയി. പക്ഷെ നമ്മള്‍ ബൗളിംഗ് എടുത്തുപോയല്ലോ. ദക്ഷിണാഫ്രിക്കൻ ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ നമ്മുടെ ബൗളര്‍മാര്‍ക്കായില്ല. ഇത്തരം പിച്ചുകളില്‍ പന്തെറിയുമ്പോള്‍ ലെങ്ത് ആണ് പ്രധാനമെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി. ചെറുതായി മഞ്ഞുവീഴ്ച ഉണ്ടായിരുന്നെങ്കിലും അത് വലിയൊരു പ്രശ്നമൊന്നും അല്ലായിരന്നു. നമുക്കൊരു പ്ലാൻ ബി വേണമായിരുന്നു. എന്തായാലും ഇതെല്ലാം ഒരു പാഠമാണ്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അടുത്ത മത്സരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക