ഇന്‍ഡോറിലെ പ്രകടനത്തോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിംഗിനൊപ്പമെത്തിയിരിക്കുയാണ് രോഹിത്. ഇരുവര്‍ക്കും 30 സെഞ്ചുറികള്‍ വീതമാണുള്ളത്.

ഇന്‍ഡോര്‍: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏകദിനത്തില്‍ സെഞ്ചുറി നേടിയത്. അവസാനം സെഞ്ചുറി നേടിയത്. 2020 ജനുവരി 19ന് ഓസ്‌ട്രേലിയക്കെതിരായിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 119 റണ്‍സാണ് രോഹിത് നേടിയത്. അതിന് ശേഷം ഇന്ന് ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തിലും രോഹിത് സെഞ്ചുറി നേടിയത്. 85 പന്തില്‍ 101 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ആറ് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

ഇന്‍ഡോറിലെ പ്രകടനത്തോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിംഗിനൊപ്പമെത്തിയിരിക്കുയാണ് രോഹിത്. ഇരുവര്‍ക്കും 30 സെഞ്ചുറികള്‍ വീതമാണുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (49), വിരാട് കോലി (46) എന്നിവരാണ് ഇനി രോഹിത്തിന്റെ മുന്നിലുള്ളത്. രോഹിത്തിന്റെ വേഗമേറിയ സെഞ്ചുറികളില്‍ ഒന്നുകൂടിയാണിത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ്ഹാമില്‍ 82 പന്തില്‍ നേടിയ സെഞ്ചുറിയാണ് വേഗമേറിയ സെഞ്ചുറികളില്‍ ഒന്നാമത്തേത്. തൊട്ടിപിന്നില്‍ ഇന്‍ഡോറിലേത്. 2018ല്‍ ഗുവാഹത്തിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 84 പന്തില്‍ നേടിയ സെഞ്ചുറി മൂന്നാം സ്ഥാനത്തുണ്ട്. 

ഗില്ലിനൊപ്പം ഒന്നാം വിക്കറ്റില്‍ 212 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. അതും ഒരു റെക്കോര്‍ഡാണ്. ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് എതിരെ ഓപ്പണിംഗ് വിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് ഇരുവരും പടുത്തുയര്‍ത്തിയത്. 2009ല്‍ ഹാമില്‍ട്ടണില്‍ ഇന്ത്യയുടെ തന്നെ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ചേര്‍ന്ന് നേടിയ 201 റണ്‍സിന്റെ റെക്കോര്‍ഡ് ഇരുവരും തിരുത്തി. 

ഇന്‍ഡോറില്‍ കിവീസ് ബൗളര്‍മാരെ തുടക്കം മുതല്‍ കടന്നാക്രമിച്ചാണ് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ടീം ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്. ഇരുവരുടേയും കൂട്ടുകെട്ട് 26.1 ഓവര്‍ നീണ്ടുനിന്നപ്പോള്‍ 212 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ പിറന്നു.

കോലിക്കൊപ്പം ഒരേ എന്‍ഡിലേക്ക് ഓടി, ഇഷാന്‍ കിഷന്‍ റണ്ണൗട്ടായി; നാണക്കേടായി വിചിത്ര പുറത്താകല്‍- വീഡിയോ