ഡൊമിനിക്കയിലെ ആദ്യ മത്സരത്തില്‍ സ്പിന്നർമാർ അരങ്ങുവാണപ്പോള്‍ ഇന്നിംഗ്സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കേ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് നിർണായക സൂചനയുമായി ക്യാപ്റ്റന്‍ രോഹിത് ശർമ്മ. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചതിനാല്‍ പോർട്ട് സ്പെയിനിലും ജയിച്ചാല്‍ പരമ്പര രോഹിത്തിനും സംഘത്തിനും 2-0ന് സ്വന്തമാകും. ഡൊമിനിക്കയിലെ ആദ്യ മത്സരത്തില്‍ സ്പിന്നർമാർ അരങ്ങുവാണപ്പോള്‍ ഇന്നിംഗ്സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. 

'ഡൊമിനിക്കയിലെ പിച്ചും സാഹചര്യവും കണ്ടപ്പോള്‍ വ്യക്തമായ പദ്ധതികള്‍ മനസിലുണ്ടായിരുന്നു. എന്നാല്‍ പോർട്ട് ഓഫ് സ്പെയിനിലെ അവസ്ഥ കൃത്യമായി അറിയില്ല. മഴയ്ക്ക് സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു. പ്ലേയിംഗ് ഇലവനില്‍ വലിയ വ്യത്യാസം ഉണ്ടാവാന്‍ സാധ്യതയില്ല. എന്തായാലും സാഹചര്യത്തിന് അനുസരിച്ച് ഇലവന്‍ തീരുമാനിക്കും. ടീമില്‍ തലമുറ മാറ്റം എന്തായാലും സംഭവിക്കും. പുതിയ താരങ്ങള്‍ മികവ് കാട്ടുന്നതില്‍ സന്തോഷമുണ്ട്. അവരുടെ ചുമതല കൃത്യമായി ബോധ്യപ്പെടുത്തി കൊടുക്കുക നമ്മുടെ കടമയാണ്. എങ്ങനെ തയ്യാറെടുക്കണമെന്നും പ്രകടനം പുറത്തെടുക്കുന്നതും അവരുടെ ഉത്തരവാദിത്തമാണ്. പുതിയ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകും' എന്നും ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റിന് മുന്നോടിയായി രോഹിത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഡൊമിനിക്കയിലെ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ യുവ ഓപ്പണർ യശസ്വി ജയ്സ്വാള്‍ 171 റണ്‍സ് നേടിയിരുന്നു. 

പോർട്ട് ഓഫ് സ്പെയിന്‍ വേദിയാവുന്ന രണ്ടാം ടെസ്റ്റ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 100-ാം ടെസ്റ്റ് കൂടിയാണ്. ആദ്യ ടെസ്റ്റില്‍ യശസ്വിയുടെയും രോഹിത് ശർമ്മയുടേയും(103) സെഞ്ചുറിക്ക് പുറമെ സ്പിന്നർമാരായ രവിചന്ദ്ര അശ്വിന്‍ 12 ഉം രവീന്ദ്ര ജഡേജ അഞ്ചും വിക്കറ്റ് നേടിയിരുന്നു. വിരാട് കോലി ഫിഫ്റ്റിയും(76) കണ്ടെത്തി. വിക്കറ്റൊന്നും നേടാതിരുന്ന ഇടംകൈയന്‍ പേസർ ജയ്‍ദേവ് ഉനദ്കട്ടിന്‍റെ സ്ഥാനം മാത്രമേ രണ്ടാം ടെസ്റ്റിലേക്ക് വരുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സംശയമുള്ളൂ. 

Read more: ഗില്ലും സിറാജും മുക്കിയെടുത്തു, കേക്കില്‍ കുളിച്ച് ഇഷാന്‍ കിഷന്‍; ശകാരിച്ച് ആരാധകർ- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം